48 മണിക്കൂറിനുള്ളിൽ ചെയ്തത് മൂന്ന് കൊല; മൃതദേഹങ്ങളുടെ കഴുത്ത് മുറിച്ചു: ‘സൈക്കോ കില്ലർ’ക്കായി വല വിരിച്ച് പൊലീസ്

ഒഡീഷയിലെ കട്ടക്കിൽ 48 മണിക്കൂറിനുളളില്‍ നടന്നത് മൂന്ന് കൊലപാതകങ്ങൾ. മൂന്ന് മൃതദേഹങ്ങളുടെയും കഴുത്ത് മുറിച്ചിരിക്കുന്നതിനാൽ കൊലയാളി ഒരു മനോരോഗിയാണെന്ന നിഗമനത്തിലാണ് പൊലീസ്. പ്രതിയെ പിടികൂടാൻ പ്രത്യേക അന്വേഷണ സംഘത്തിന് പൊലീസ് രൂപം നല്‍കി.

ഭവനരഹിതരായ മൂന്ന് പേരാണ് 48 മണിക്കൂറിനുളളില്‍ കൊലപ്പെട്ടത്. കൊലപാതകത്തിന്റെ രീതി അനുസരിച്ച് മൂന്ന് കൊലകളും നടത്തിയത് ഒരാളാണെന്നാണ് പൊലീസിൻ്റെ സംശയം. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം പുരോഗമിക്കുന്നതെന്ന് കമ്മീഷണര്‍ സത്യജിത് മൊഹന്തി പറഞ്ഞു.

ആദ്യ മൃതദേഹം റാണിഘട്ട് പാലത്തിന്റെ അരികില്‍ നിന്നാണ് കണ്ടെത്തിയത്. തുടര്‍ന്ന് എസ്‌സിബി മെഡിക്കല്‍ കോളേജ്, ഒഎംപി മാര്‍ക്കറ്റ് എന്നിവിടങ്ങളില്‍ നിന്നുമാണ് മറ്റു രണ്ടു മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കഴുത്തുമുറിച്ച നിലയിലും തല ഭാരമുളള വസ്തുവിന്റെ അടിയേറ്റ നിലയിലുമാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

അതേസമയം കൊലപാതകം മേഖലയില്‍ പരിഭ്രാന്തി സൃഷ്ടിച്ചിരിക്കുകയാണ്. ഇത്തരത്തിലുളള സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുളള മുന്‍കരുതല്‍ നടപടി സ്വകരിച്ചതായി പൊലീസ് പറയുന്നു. 1998ല്‍ ബെര്‍ഹാംപൂരില്‍ ഒന്‍പത് പേരെ തലയ്ക്കടിച്ച് കൊന്ന റിപ്പര്‍ മോഡല്‍ കൊലപാതകത്തിന്റെ ഓര്‍മ്മയുടെ നടുക്കത്തിലാണ് നാട്ടുകാര്‍.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top