‘ചില സംഭവങ്ങൾ മാത്രം ഉയർത്തികാട്ടി സർക്കാരിനെ വിമർശിക്കുന്നു’; കങ്കണ ഉൾപ്പെടെ 62 പ്രമുഖർ പ്രധാനമന്ത്രിക്ക് കത്തയച്ചു

രാജ്യത്ത് അസഹിഷ്ണുത വർദ്ധിച്ചു വരുന്നതിനെതിനെതിരെ ഇടപെടണമെന്നാവശ്യപെട്ട് സാംസ്‌കാരിക രംഗത്തുള്ളവർ പ്രധാനമന്ത്രിക്ക് കത്ത് അയച്ചതിനെ വിമർശിച്ച് ഒരു വിഭാഗം സാംസ്‌കാരിക പ്രവർത്തകർ രംഗത്ത് വന്നു. ചില സംഭവങ്ങൾ മാത്രം ഉയർത്തി കാട്ടി സർക്കാരിനെ വിമർശിക്കുകയാണെന്ന് കാട്ടി ബോളിവുഡ് നടി കങ്കണ റണാവത് ഉൾപ്പടെ 62 പ്രമുഖർ പ്രധാനമന്ത്രിക്ക് കത്തയച്ചു.
സെൻസർ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ ചീഫ് പ്രസൂൺ ജോഷി, സംവിധായകൻ മാധുർ ഭണ്ഡാർക്കർ, വിവേക് അഗ്നിഹോത്രി, ഡാൻസറും രാജ്യസഭാംഗവുമായ സൊനാൽ മൻസിംഗ് എന്നിവരാണ് കത്തയച്ചവരിൽ പ്രമുഖർ. ഇതോടെ അസഹിഷ്ണുത വിഷയത്തിൽ സാംസ്‌കാരിക പ്രവർത്തകർ രണ്ട് തട്ടിലായി. വരും ദിവസങ്ങളിലും ഇത് സംബന്ധിച്ച ചർച്ചകൾ ഉയർന്നു വരാനാണ് സാധ്യത.
ജയ് ശ്രീറാം വിളിപ്പിച്ചുള്ള ആൾക്കൂട്ട ആക്രമണമടക്കം സമീപകാലത്ത് രാജ്യത്ത് നടക്കുന്ന ദാരുണ സംഭവങ്ങളിൽ ശ്രദ്ധ വേണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് 49 പ്രമുഖർ കത്തയച്ചിരുന്നു. അപർണാ സെൻ, ചരിത്രകാരൻ രാമചന്ദ്ര ഗുഹ സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ എന്നിവരടക്കമുള്ള പ്രമുഖർ കത്തിൽ ഒപ്പിട്ടിരുന്നു. മുസ്ലിങ്ങൾക്കും ദളിതുകൾക്കും മറ്റു ന്യൂനപക്ഷങ്ങൾക്കുമെതിരെ നടക്കുന്ന ആൾക്കൂട്ട ആക്രമണങ്ങൾ ഉടൻ അവസാനിപ്പിക്കണമെന്ന് കത്തിൽ ആവശ്യപ്പെട്ടിരുന്നു.
ആൾക്കൂട്ട ആക്രമണങ്ങൾക്കെതിരെ പ്രധാനമന്ത്രി പാർലമെന്റിൽ പ്രസംഗിക്കുകയുണ്ടായി. എന്നാൽ അത് മതിയാകില്ല. ഇത്തരം കുറ്റകൃത്യങ്ങൾ ജാമ്യമില്ലാ കുറ്റമായി പ്രഖ്യാപിക്കുമെന്ന് ശക്തമായി ആഗ്രഹിക്കുന്നു. ജയ്ശ്രീറാം എന്ന് വിളിക്കുന്നത് ഇന്ന് പ്രകോപനപരമായ യുദ്ധ വിളിയായി മാറുകയും ക്രമസമാധാന പ്രശ്‌നങ്ങളിലേക്ക് നയിക്കുകയും ചെയ്യുന്നുവെന്നും കത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. പ്രധാനമന്ത്രിക്ക് കത്തയച്ചിന്റെ പേരിൽ അടൂർ ഗോപാലകൃഷ്ണനെതിരെ ബിജെപി നേതാവ് ബി ഗോപാലകൃഷ്ണൻ രംഗത്തെത്തിയിരുന്നു. ജയ് ശ്രീറാം വിളിക്കാൻ പറ്റില്ലെങ്കിൽ അടൂരിനോട് ചന്ദ്രനിലേക്ക് പോകാനായിരുന്നു ഗോപാലകൃഷ്ണന്റെ ആഹ്വാനം
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here