സൗദിയില്‍ ഹോസ്പിറ്റാലിറ്റി മേഖലയിലെ 20 തസ്തികകള്‍ സൗദിവല്‍ക്കരിക്കുന്നു

doctors

സൗദിയില്‍ ഹോസ്പിറ്റാലിറ്റി മേഖലയിലെ ഇരുപത് തസ്തികകള്‍ സൗദിവല്‍ക്കരിക്കുന്നു. മൂന്നു ഘട്ടങ്ങളായാണ് പദ്ധതി നടപ്പിലാക്കുക. ആദ്യഘട്ടം ഡിസംബര്‍ ഇരുപത്തിയേഴിന് പ്രാബല്യത്തില്‍ വരും.

ടൂറിസം ഹോസ്പിറ്റാലിറ്റി മേഖലയില്‍ ഇരുപത് തസ്തികകളില്‍ നൂറു ശതമാനം സ്വദേശീവല്‍ക്കരണം നടപ്പിലാക്കാനാണ് സൗദി തൊഴില്‍ സാമൂഹിക വികസന മന്ത്രാലയത്തിന്റെ തീരുമാനം. ഈ മേഖലയിലെ ഉന്നത തസ്തികകളിലും വിദഗ്ദ ജോലികളിലും സൌദികളെ നിയമിക്കും. ത്രീ സ്റ്റാര്‍ പദവി മുതല്‍ മുകളിലുള്ള ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍, ഫോര്‍ സ്റ്റാര്‍ പദവിയിലോ അതിനു മുകളിലോ ഉള്ള വില്ലകള്‍ തുടങ്ങിയവയില്‍ പദ്ധതി നടപ്പിലാക്കും. റിസര്‍വേഷന്‍, പര്‍ച്ചേസ്, മാര്‍ക്കറ്റിംഗ്, റിസപ്ഷന്‍ എന്നീ ഏരിയകളില്‍ ഈ വര്‍ഷം ഡിസംബര്‍ ഇരുപത്തിയേഴിന് പദ്ധതി പ്രാബല്യത്തില്‍ വരും. ഹോട്ടല്‍ ഡെപ്യൂട്ടി മാനേജര്‍, ഐ.ടി അഡ്മിനിസ്ട്രെഷനിലെ അസിസ്റ്റന്റ്റ് ഹെഡ്, സെയില്‍ അഡ്മിനിസ്ട്രെഷനിലെ ഡയരക്ടര്‍, അസിസ്റ്റന്റ്റ് ഡയരക്ടര്‍, സെയില്‍സ് റെപ്രസന്‍റെറ്റീവ്, സെയില്‍സ് മാനേജര്‍, ഫിറ്റ്നസ് ക്ലബ് സൂപ്രവൈസര്‍, പബ്ലിക്‌ സര്‍വീസ് സൂപ്രവൈസര്‍, ഗുഡ്സ് റെസീവിംഗ് ക്ലാര്‍ക്ക്, റൂം സര്‍വീസ് ഓര്‍ഡര്‍ ക്ലാര്‍ക്ക്, കോഫി ഷോപ്പ് വെയ്റ്റര്‍, ടൂറിസം എന്ക്വയറി ക്ലാര്‍ക്ക്, എക്സിക്യുട്ടീവ്‌ സെക്രട്ടറി, ജനറല്‍ അഡ്മിനിസ്ട്രെറ്റീവ് ക്ലാര്‍ക്ക്, അഡ്മിനിസ്ട്രെറ്റീവ് കോര്‍ഡിനെറ്റര്‍ തുടങ്ങിയ തസ്തികകളില്‍ അടുത്ത വര്‍ഷം ജൂണ്‍ ഇരുപത്തി രണ്ടിന്

സമ്പൂര്‍ണ സൗദിവല്‍ക്കരണം നടപ്പിലാക്കും. ഫുഡ്‌ ആന്‍ഡ്‌ ബിവറേജ് സൂപ്രവൈസര്‍ റൂം സര്‍വീസ് സൂപ്രവൈസര്‍, ഈവന്റ് സൂപ്രവൈസര്‍, ലോണ്ട്രി സൂപ്രവൈസര്‍ എന്നീ തസ്തികകളില്‍ ഒരു സൗദിയെങ്കിലും വേണം. സെയില്‍സ് മാനേജര്‍, ഈവന്റ്സ് ആന്‍ഡ്‌ കോണ്‍ഫറന്‍സ് സെയില്‍സ് മാനേജര്‍ എന്നീ തസ്തികകളില്‍ എഴുപത് ശതമാനം സ്വദേശീവല്‍ക്കരണം അടുത്ത വര്‍ഷം ഡിസംബര്‍ പതിനാറിന് പ്രാബല്യത്തില്‍ വരും. സമ്പൂര്‍ണ സൗദിവല്‍ക്കരണം നടപ്പിലാക്കുന്ന തസ്തികകളില്‍ വിദേശികളെ ജോലിക്ക് വെച്ചാല്‍ കര്‍ശനമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top