വീട്ടുകാർ അറിയാതെ കൊലപാതകം നടക്കില്ല; ബന്ധുക്കളുടെ പങ്ക് അന്വേഷിക്കണമെന്ന് രാഖിമോളുടെ പിതാവ്

അമ്പൂരിയിലെ കൊലപാതകത്തിൽ പ്രതികളുടെ ബന്ധുക്കളുടേയും പങ്ക് അന്വേഷിക്കണമെന്ന് കൊല്ലപ്പെട്ട രാഖിമോളുടെ പിതാവ് ട്വന്റിഫോറിനോട്. വീട്ടുകാർ അറിയാതെ കൊലപാതകം നടക്കില്ല. അറിഞ്ഞില്ലാന്ന് പറഞ്ഞാൽ അത് അംഗീകരിക്കാൻ സാധിക്കുമോയെന്നും പിതാവ് ചോദിക്കുന്നു. മുഖ്യപ്രതി അഖിലിന്റേയും രണ്ടാം പ്രതി രാഹുലിന്റേയും പിതാവിന് കൊലപാതകത്തിൽ പങ്കുണ്ടെന്ന ആരോപണം ഉയർന്ന പശ്ചാത്തലത്തിലാണ് വിശദമായ അന്വേഷണം ആവശ്യപ്പെട്ട് രാഖിമോളുടെ പിതാവ് രംഗത്തെത്തിയിരിക്കുന്നത്.
അതിനിടെ മുഖ്യപ്രതി അഖിൽ ഇന്നലെ പൊലീസിന് മുന്നിൽ കീഴടങ്ങി. പ്രതി കുറ്റം സമ്മതിച്ചതായാണ് വിവരം. കൊലയ്ക്ക് പ്രകോപനം രാഖിമോളുടെ ആത്മഹത്യാ ഭീഷണിയാണെന്നാണ് അഖിൽ വ്യക്തമാക്കിയിരിക്കുന്നത്. മറ്റൊരു വിവാഹം കഴിക്കുമെന്ന് അറിയിച്ചപ്പോഴായിരുന്നു ആത്മഹത്യാ ഭീഷണി മുഴക്കിയത്. വീട്ടിൽ വന്ന് ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞിരുന്നു. മറ്റൊരു വിവാഹം കഴിച്ചാൽ സൈ്വര്യമായി ജീവിക്കാൻ അനുവദിക്കില്ലെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. ഇക്കാര്യം പറഞ്ഞ് നിരന്തരം ശല്യം ചെയ്തിരുന്നതായും അഖിൽ പൊലീസിനോട് പറഞ്ഞു. ഇതേ ചൊല്ലിയുള്ള വാക്കു തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നും അഖിൽ വ്യക്തമാക്കി.
നേരത്തേ കേസിലെ രണ്ടാം പ്രതിയും അഖിലിന്റെ സഹോദരനുമായ രാഹുൽ കീഴടങ്ങിയിരുന്നു. കാറിൽവെച്ച് ബോധം കെടുത്തിയ ശേഷമാണ് യുവതിയെ കൊലപ്പെടുത്തിയതെന്നും ഇയാൾ പൊലീസിൽ മൊഴി നൽകിയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here