മഹാരാഷ്ട്രയിൽ രണ്ട് ദിവസം കൂടി കനത്തമഴ തുടരും

രണ്ടു ദിവസം കൂടി കനത്തമഴ തുടരുമെന്ന കാലാവസ്ഥാ വകുപ്പിന്റെ പ്രവചനത്തെ തുടർന്ന് മഹാരാഷ്ട്ര അതീവ ജാഗ്രതയിൽ. മുംബൈ,താനെ,റായിഗഡ്,പാൽഗ‍ർ എന്നിവിടങ്ങളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. പ്രളയസമാനമായ സാഹചര്യം നേരിടുന്നതിന് ആവശ്യമായ എല്ലാ മുന്നൊരുക്കങ്ങളും നടത്താൻ സംസ്ഥാനസർക്കാർ ജില്ലാഭരണക്കൂടങ്ങൾക്ക് നിർദ്ദേശം നൽകി. അതേസമയം, അസമിലെ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം എൺപ്പത്തിരണ്ടായി.

കാലവർഷം ശക്തമായതിന് പുറമേ ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദവും ശക്‌തമായ മഴയ്ക്ക് കാരണമാകുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. രണ്ട് ദിവസം കൂടി ഇടിയോടു കൂടിയ കനത്ത മഴയുണ്ടാകും. മഹാരാഷ്ട്ര സർക്കാരും ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപറേഷനും ജനങ്ങൾക്ക് ജാഗ്രതാ നിർദേശം നൽകി. ഏതു സാഹചര്യവും നേരിടാൻ തയാറായതായി ബി.എം.സി അറിയിച്ചു. റെഡ് അലർട്ട് പ്രഖ്യാപിച്ച മുംബൈ, താനെ, കല്ല്യാൺ മേഖലകളിൽ മുൻക്കൂറായി ദുരന്തനിവാരണസേനയെ വിന്യസിച്ചു. ജനങ്ങൾ വെള്ളക്കെട്ടുകളിൽ ഇറങ്ങരുതെന്നും കടൽതീരത്തു നിന്ന് സുരക്ഷിതഅകലം പാലിക്കണമെന്നും മുംബൈ പൊലീസ് തുടർച്ചയായി മുന്നറിയിപ്പ് നൽകുന്നുണ്ട്. കനത്ത മഴ ജനജീവിതത്തെയും വിമാന, ട്രെയിൻ സർവീസുകളെയും സാരമായി ബാധിച്ചു.

അതേസമയം, ബിഹാറിൽ മൂന്ന് കുട്ടികൾ മുങ്ങിമരിച്ചു. അസമിൽ പതിനെട്ട് ജില്ലകളെയാണ് പ്രളയദുരിതം രൂക്ഷമായി ബാധിച്ചത്. ജോർഘട്ടിലും ദുബ്രിയിലും ബ്രഹ്മപുത്ര കരകവിഞ്ഞൊഴുകുന്നത് ദുരിതം ഇരട്ടിയാക്കി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top