അമ്പൂരി കൊലപാതകം; പ്രതികൾ നടത്തിയത് കുറ്റകരമായ ഗൂഢാലോചന; റിമാൻഡ് റിപ്പോർട്ട് പുറത്ത്

അമ്പൂരി കൊലപാതകത്തിൽ റിമാൻഡ് റിപ്പോർട്ട് പുറത്ത്. ഒന്നാം പ്രതി അഖിലും സഹോദരനും രണ്ടാം പ്രതിയുമായ രാഹുലും ചേർന്നാണ് രാഖിയെ കൊലപ്പെടുത്തിയതെന്ന് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. രാഹുലാണ് ആദ്യം രാഖിയുടെ കഴുത്ത് ഞെരിച്ചത്. തുടർന്ന് രാഹുലും അഖിലും ചേർന്ന് കൊലപ്പെടുത്തുകയായിരുന്നു. പ്രതികൾ നടത്തിയത് കുറ്റകരമായ ഗൂഢാലോചനയാണെന്ന് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. റിമാൻഡ് റിപ്പോർട്ട് ട്വന്റിഫോറിന് ലഭിച്ചു. അതേസമയം, രണ്ടാം പ്രതി രാഹുലിനെ ആഗസ്റ്റ് ഒൻപത് വരെ റിമാൻഡ് ചെയ്തു.
ഫെബ്രുവരി പതിനഞ്ചാം തീയതി എറണാകുളത്തെ ഒരു ക്ഷേത്രത്തിൽവെച്ച് അഖിലും രാഖിയും വിവാഹിതരായിരുന്നതായി റിപ്പോർട്ടിൽ പറയുന്നുണ്ട്. മറ്റൊരു വിവാഹത്തിന് അഖിൽ തയ്യാറായാതോടെ അത് തടസപ്പെടുത്താൻ രാഖി ശ്രമിച്ചു. ഇതേ തുടർന്നാണ് രാഖിയെ കൊലപ്പെടുത്താൻ അഖിൽ തീരുമാനിച്ചത്. രാഹുലും സുഹൃത്ത് ആദർശുമായി ഇക്കാര്യം ചർച്ച ചെയ്ത് കൊലപ്പെടുത്താൻ തീരുമാനിക്കുകയായിരുന്നു.
പുതിയ വീട് കാണിക്കാമെന്ന് പറഞ്ഞ് നെയ്യാറ്റിൻകരയിൽ നിന്നും അഖിൽ രാഖിയെ കാറിൽ കയറ്റി. വിവാഹ നിശ്ചയത്തിന്റെ കാര്യം പറഞ്ഞതോടെ അതേ ചൊല്ലി ഇരുവരും തർക്കത്തിലായി. ‘നീ എന്റെ അനിയന്റെ കല്യാണം തടയുമല്ലേടീ’ എന്ന് ചോദിച്ച് കാറിന്റെ പിൻ സീറ്റിലിരുന്ന് രാഹുൽ, രാഖിയുടെ കഴുത്തിൽ കൈകൊണ്ട് ഞെരിക്കുകയായിരുന്നു. ഈ സമയം ഡ്രൈവർ സീറ്റിലുണ്ടായിരുന്ന അഖിൽ ശബ്ദം പുറത്തു കേൾക്കാതിരിക്കാൻ കാർ സ്റ്റാർട്ട് ചെയ്തിട്ടു. രാഖിയുടെ ബോധം പോയതോടെ കൈയിൽ കരുതിയിരുന്ന കയർ ഉപയോഗിച്ച് അഖിലും രാഹുലും ചേർന്ന് കഴുത്ത് വരിഞ്ഞു മുറക്കി കൊല്ലുകയായിരുന്നു. തുടർന്ന് പുതിയതായി നിർമിക്കുന്ന വീടിന് സമീപമെടുത്ത കുഴിക്ക് സമീപം രാഖിയുടെ മൃതദേഹം കൊണ്ടുപോയി കിടത്തി. വസ്ത്രങ്ങൾ നീക്കം ചെയ്ത ശേഷം മൃതദേഹം കുഴിയിലിട്ട് നേരത്തേ കരുതിയിരുന്ന ഉപ്പ് അതിന് മേൽ വിതറി. കുഴി മൂടി തെളിവുകൾ നശിപ്പിക്കുന്നതിനായി രാഖിയുടെ വസ്ത്രങ്ങൾ പ്രതികൾ കത്തിച്ചുകളയുകയായിരുന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here