ഉന്നാവോ കേസിലെ പരാതിക്കാരിക്ക് വാഹനാപകടത്തിൽ ഗുരുതര പരിക്ക്; അമ്മയും ബന്ധുവും മരിച്ചു

ഉന്നാവോ ലൈംഗിക പീഡനക്കേസിലെ ഇര സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെട്ടു. ഇരയായ പെണ്‍കുട്ടിക്ക് ഗുരുതരമായി പരിക്കറ്റു. അമ്മയും ബന്ധുവായ സ്ത്രീയും മരിച്ചു. ഉത്തർപ്രദേശിലെ റായ്ബറേലിയിലായിരുന്നു അപകടം.
ഇവർ സഞ്ചരിച്ച വാഹനത്തിൽ ട്രക്ക് ഇടിച്ചായിരുന്നു അപകടം. റായ്ബറേലിയിലെ ജില്ലാ ജയിലിലുള്ള അമ്മാവനെ സന്ദർശിക്കാനായി പോകുകയായിരുന്നു പെണ്‍കുട്ടിയും കുടുംബവും. അപകടമുണ്ടാക്കിയ ട്രക്ക് ഡ്രൈവർ സംഭവസ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടു. വാഹനം പോലീസ് കസ്റ്റഡിയിലെടുത്തു. പെണ്‍കുട്ടിയുടെ പിതാവ് നേരത്തെ പോലീസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ടിരുന്നു.
2017 ജൂണിലാണ് സെൻഗാർ മാനഭംഗപ്പെടുത്തിയെന്നാരോപിച്ച് പെണ്‍കുട്ടി പരാതി നൽകുന്നത്. എന്നാൽ യാതൊരു നടപടിയും ഉണ്ടായില്ല. സംഭവത്തിൽ പരാതി നൽകിയതിന്റെ പേരിൽ എംഎൽഎയുടെ കുടുംബം പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി.
പോലീസിൽനിന്നു നീതി ലഭിക്കുന്നില്ലെന്നാരോപിച്ച് ഇരയായ പെണ്‍കുട്ടി മുഖ്യമന്ത്രി യോഗി ആദിത്യനാഥിൻറെ ലക്നോയിലെ വസതിക്കു മുന്നിൽ ജീവനൊടുക്കാൻ ശ്രമിച്ചതോടെയാണ് സംഭവം ദേശീയ ശ്രദ്ധ നേടുന്നത്. അതിൻറെ പിറ്റേന്നു പോലീസ് കസ്റ്റഡിയിലിരിക്കെയായിരുന്നു പിതാവിൻ്റെ മരണം.