‘കോൺഗ്രസിന് നാഥനില്ലാത്ത അവസ്ഥയില്ല’; ശശി തരൂരിന് കെ സി വേണുഗോപാലിന്റെ മറുപടി

കോൺഗ്രസിന് നാഥനില്ലാത്ത അവസ്ഥ ഇല്ലെന്ന് സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. പ്രവർത്തക സമിതിയിലേക്ക് അടക്കം തെരഞ്ഞെടുപ്പ് വേണമോ എന്ന കാര്യം പാർട്ടി നേതൃത്വം തീരുമാനമെടുക്കും. അടുത്ത മാസം ചേരുന്ന എഐസിസി യോഗം ഇക്കാര്യത്തിൽ നടപടി സ്വീകരിക്കുമെന്നും കെ സി വേണുഗോപാൽ ആലപ്പുഴയിൽ പറഞ്ഞു.
അവസരവാദികളായ ചില നേതാക്കൾ മാത്രമാണ് ബി ജെ പിയിലേക്ക് ചേക്കേറുന്നത്. ഉപതെരഞ്ഞെടുപ്പിൽ ഒരിടത്തും മത്സരിക്കാൻ താൻ ഇല്ലെന്നും കെ സി വേണുഗോപാൽ വ്യക്തമാക്കി.
കോൺഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്നും രാഹുൽ ഗാന്ധി രാജിവെച്ചൊഴിഞ്ഞ് രണ്ട് മാസം പിന്നിട്ടിട്ടും പുതിയ ആൾ വരാത്തതിൽ അതൃപ്തി പ്രകടിപ്പിച്ച് ശശി തരൂർ എം പി രംഗത്തെത്തിയിരുന്നു. കോൺഗ്രസ് നാഥനില്ലാക്കളരിയായെന്ന് ശശി തരൂർ തുറന്നടിച്ചു. പുതിയ അധ്യക്ഷനെ കണ്ടെത്താനാവാത്തതിൽ കടുത്ത നിരാശയുണ്ടെന്നും ജനാധിപത്യ രീതിയിൽ തെരഞ്ഞെടുപ്പ് നടത്താൻ പാർട്ടി തയ്യാറാകണമെന്നും തരൂർ പറഞ്ഞു.
ഉത്തരവാദിത്തമില്ലാത്ത പാർട്ടിയായി കോൺഗ്രസ് മാറരുത്. ജനങ്ങൾ കോൺഗ്രസിനെ ഉറ്റുനോക്കുന്നു എന്ന് നേതൃത്വം മനസിലാക്കണം. കർണാടകത്തിലും ഗോവയിലും തിരിച്ചടിയുണ്ടായത് നേതൃത്വമില്ലാത്തതിനാലാണ്. ഇനിയിത് കണ്ടു നിൽക്കാനാവില്ലെന്നും ശശി തരൂർ പറഞ്ഞു. സംഘടനാ തെരഞ്ഞെടുപ്പിലൂടെ പ്രസിഡൻറിനെ കണ്ടെത്തണം. സംഘടനയെ ഒരു യുവാവ് നയിക്കാൻ സമയമായി. അപ്പോയ്‌മെന്റ് കമ്മിറ്റികൾ പിരിച്ചുവിട്ട് ജനങ്ങൾക്ക് വിശ്വാസമുള്ള ഒരാൾ അധ്യക്ഷനാകണമെന്നും ശശി തരൂർ നിലപാട് വ്യക്തമാക്കിയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here