സൗദിയില്‍ യാചകവൃത്തിക്കെതിരെ പുതിയ നിയമം വരുന്നു

സൗദിയില്‍ യാചകവൃത്തിക്കെതിരെ പുതിയ നിയമം വരുന്നു. ഒരു വര്‍ഷത്തിനിടെ രാജ്യത്ത് രണ്ടായിരത്തി എഴുനൂറിലധികം സ്വദേശികളായ യാചകര്‍ പിടിയിലായി. പിടിയിലാകുന്ന വിദേശികളെ നാടു കടത്തുമെന്ന് തൊഴില്‍ മന്ത്രാലയം അറിയിച്ചു.

ആഭ്യന്തര മന്ത്രാലയം ഉള്‍പ്പെടെയുള്ള വകുപ്പുകളുമായി സഹകരിച്ച് സൗദി തൊഴില്‍ സാമൂഹിക വികസന മന്ത്രാലയമാണ് യാചകവൃത്തിയുമായി ബന്ധപ്പെട്ട പുതിയ നിയമം കൊണ്ടുവരുന്നത്. യാചകവൃത്തിയില്‍ ഏര്‍പ്പെടുന്നവര്‍ക്ക് തടവും പിഴയും ഉള്‍പ്പെടെയുള്ള ശിക്ഷ കരട് നിയമം വ്യവസ്ഥ ചെയ്യുന്നു. പണത്തിന് വേണ്ടി യാചന നടത്തുക, ശരീരത്തില്‍ വ്യാജ മുറിവുകള്‍ ഉണ്ടാക്കിയും ശരീരത്തിലെ വൈകല്യങ്ങള്‍ കാണിച്ചും കുട്ടികളെ ഉപയോഗിച്ചും പണം ആവശ്യപ്പെടുന്നതെല്ലാം യാചനയുടെ പരിധിയില്‍ പെടും.

പള്ളികള്‍, പൊതുഗതാഗത കേന്ദ്രങ്ങള്‍, വ്യാപാര കേന്ദ്രങ്ങള്‍ തുടങ്ങി പൊതുസ്ഥലങ്ങളില്‍ പണം ആവശ്യപ്പെടുന്നവരെ യാചകരായി കണക്കാക്കും. ഇതില്‍ സ്ത്രീ-പുരുഷ വ്യത്യാസമോ സ്വദേശീ-വിദേശീ വ്യത്യാസമോ ഉണ്ടായിരിക്കില്ല. ഇവര്‍ക്കെതിരെ ശിക്ഷാ നടപടി സ്വീകരിക്കും. ഭിന്നശേഷിക്കാര്‍ക്കും, ഒരു ജോലിയും ചെയ്യാന്‍ സാധിക്കാത്തവര്‍ക്കും നിയമം ബാധകമാണ്. യാചകവൃത്തിക്ക് പിടിക്കപ്പെടുന്ന സൌദികളെ ആദ്യത്തെ തവണ ‘മേലില്‍ യാചകവൃത്തിയില്‍ ഏര്‍പ്പെടില്ല’ എന്ന്‍ പ്രതിജ്ഞ ചെയ്യിപ്പിച്ച് വിട്ടയക്കും. അര്‍ഹരായവര്‍ക്ക് ആവശ്യമെങ്കില്‍ ധനസഹായവും ചികിത്സയും സര്‍ക്കാര്‍ നല്‍കും. എന്നാല്‍ യാചന തൊഴിലായി സ്വീകരിക്കുന്ന സൗദികള്‍ക്ക് ഒരു വര്‍ഷത്തെ തടവും ഒരു ലക്ഷം റിയാല്‍ പിഴയും ശിക്ഷ ലഭിക്കും. വിദേശിയാണെങ്കില്‍ ഈ ശിക്ഷകള്‍ അനുഭവിച്ചതിനു ശേഷം നാടു കടത്തുകയും ചെയ്യും. നിലവിലുള്ള യാചകരുടെ വിവരങ്ങള്‍ തൊഴില്‍ മന്ത്രാലയം ശേഖരിക്കും. കഴിഞ്ഞ വര്‍ഷം മാത്രം സ്വദേശികളായ 2,710 യാചകര്‍ പിടിയിലായതായാണ് റിപ്പോര്‍ട്ട്‌. ഇതില്‍ 2140 ഉം സ്ത്രീകളാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top