അനുമതിപത്രമില്ലാതെ ഹജ്ജ് നിര്‍വഹിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷയെന്ന് സൗദി ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്

അനധികൃതമായി ഹജ്ജ് നിര്‍വഹിക്കുന്നവര്‍ക്കെതിരെ സൗദി ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. അനുമതിപത്രമില്ലാതെ ഹജ്ജ് നിര്‍വഹിക്കുന്നവര്‍ക്കും അവരെ സഹായിക്കുന്നവര്‍ക്കുമെതിരെ ശക്തമായ ശിക്ഷാ നടപടികള്‍ സ്വീകരിക്കും.

അനുമതിപത്രമില്ലാതെ ഹജ്ജ് നിര്‍വഹിക്കാന്‍ ശ്രമിക്കുന്നവരെ കണ്ടെത്താന്‍ മക്കയിലേക്കുള്ള പ്രവേശന കവാടങ്ങളില്‍ ശക്തമായ പരിശോധനയാണ് നടക്കുന്നത്. മക്കയിലേക്കുള്ള റോഡുകളിലെല്ലാം ചെക്ക് പോയിന്റുകളുടെ എണ്ണം വര്‍ധിപ്പിച്ചു. അനധികൃതമായി ഹജ്ജ് നിര്‍വഹിക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെയും അവര്‍ക്ക് യാത്രാ സഹായം നല്‍കുന്നവര്‍ക്കെതിരെയും ശക്തമായ നടപടി സ്വീകരിക്കുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. അനുമതി പത്രമില്ലാത്തവര്‍ക്ക് യാത്രാ സഹായം ചെയ്യുന്ന വാഹനമുടമകള്‍ക്ക് ആദ്യഘട്ടത്തില്‍ പതിനഞ്ചു ദിവസത്തെ തടവും പതിനായിരം റിയാല്‍ പിഴയും ശിക്ഷ ലഭിക്കും. രണ്ടാമതും പിടിക്കപ്പെട്ടാല്‍ രണ്ട് മാസത്തെ തടവും ഇരുപത്തി അയ്യായിരം റിയാല്‍ പിഴയുമായിരിക്കും ശിക്ഷ. മൂന്നാമത്തെ തവണയും പിടിക്കപ്പെട്ടാല്‍ പിഴസംഖ്യ അമ്പതിരായിരം റിയാലായും തടവ് ആറു മാസമായും വര്‍ധിക്കും.

വാഹനം കണ്ടു കെട്ടുകയും പിടിക്കപ്പെടുന്നവരുടെ പേരു വിവരങ്ങള്‍ മാധ്യമങ്ങള്‍ വഴി പരസ്യപ്പെടുത്തുകയും ചെയ്യും. പിടിക്കപ്പെടുന്നത് വിദേശിയാണെങ്കില്‍ തടവ് ശിക്ഷയ്ക്ക് ശേഷം നാടു കടത്തും. പിന്നീട് സൗദിയില്‍ പ്രവേശിക്കുന്നതിന് നിശ്ചിത കാലത്തേക്ക് വിലക്കേര്‍പ്പെടുത്തുകയും ചെയ്യും. നിയമം എല്ലാവര്‍ക്കും ബാധകമാണെന്നും സുരക്ഷിതവും സമാധാനപരവുമായ ഹജ്ജ് കര്‍മത്തിനായി സഹകരിക്കണമെന്നും ആഭ്യന്തര മന്ത്രാലയം രാജ്യത്തെ സ്വദേശികളോടും വിദേശികളോടും ആവശ്യപ്പെട്ടു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top