അങ്കണവാടി പ്രീ സ്‌കൂള്‍ എഡ്യൂക്കേഷന്‍ കിറ്റിന് 16.56 കോടിയുടെ ഭരണാനുമതി

സംയോജിത ശിശുവികസന പരിപാടിയുടെ ഭാഗമായി സംസ്ഥാനത്തെ എല്ലാ അങ്കണവാടികളിലും പ്രീ സ്‌കൂള്‍ എഡ്യൂക്കേഷന്‍ കിറ്റ് വാങ്ങി വിതരണം ചെയ്യുന്നതിന് വനിത ശിശുവികസന വകുപ്പ് 16.56 കോടി രൂപയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. കുട്ടികളുടെ ശാരീരികവും മാനസികവുമായ വികസനത്തിന് വേണ്ടിയാണ് പ്രീ സ്‌കൂള്‍ എഡ്യൂക്കേഷന്‍ കിറ്റുകള്‍ വാങ്ങി നല്‍കി വരുന്നത്. സംസ്ഥാനത്തെ 32,986 അങ്കണവാടികള്‍ക്കും 129 മിനി അങ്കണവാടികള്‍ക്കും ഇതിന്റെ പ്രയോജനം ലഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
അങ്കണവാടികളിലെത്തുന്ന കുട്ടികളുടെ സൂക്ഷ്മ പേശീ വികസനം, സ്തൂല പേശീ വികസനം, ഭാഷാ വികസനം, സര്‍ഗാത്മ പ്രവര്‍ത്തനങ്ങള്‍, വായന സന്നദ്ധത തുടങ്ങിയവയ്ക്ക് വേണ്ടിയുള്ള കളി സാമഗ്രികളും പഠനോപകരണങ്ങളും ഉള്‍പ്പെടുന്നതാണ് പ്രീ എഡ്യൂക്കേഷന്‍ കിറ്റ്. ഓരോ അങ്കണവാടികള്‍ക്കും 5,000 രൂപയാണ് ഇതിനായി വകയിരുത്തിയിരിക്കുന്നത്. ബ്ലോക്ക് തലത്തില്‍ ശിശു വികസന പദ്ധതി ഓഫീസര്‍ മുഖേന ടെന്‍ഡര്‍ നടപടികള്‍ പാലിച്ചാണ് എഡ്യൂക്കേഷന്‍ കിറ്റ് വാങ്ങുക. സംസ്ഥാനത്തെ അങ്കണവാടികളിലെ കുട്ടികള്‍ക്ക് മെഡിസിന്‍ കിറ്റ് വാങ്ങി നല്‍കുന്നതിന് 4.96 കോടി രൂപയുടെ ഭരണാനുമതി നേരത്തെ നല്‍കിയിരുന്നു.
സംസ്ഥാനത്തെ അങ്കവാടികളെ സമൂലം പരിഷ്‌ക്കരിച്ചു കൊണ്ടിരിക്കുകയാണ് സര്‍ക്കാര്‍. അങ്കണവാടികളുടെ ശാക്തീകരണം ലക്ഷ്യമാക്കിക്കൊണ്ട് കേരളത്തിലെ തെരഞ്ഞെടുത്ത ഐ.സി.ഡി.എസ്. ബ്ലോക്കുകളില്‍ സ്മാര്‍ട്ട് അങ്കണവാടികള്‍ സ്ഥാപിക്കാനുള്ള ശ്രമത്തിലാണ്. അങ്കണവാടികളുടെ ഭൗതികസാഹചര്യങ്ങള്‍ മെച്ചപ്പെടുത്തി കുട്ടികളുടെ ബൗദ്ധികവികാസത്തിന് ഊന്നല്‍ നല്‍കുന്ന സ്മാര്‍ട്ട് അങ്കണവാടികളാണ് വനിത ശിശുവികസന വകുപ്പ് ലക്ഷ്യമിടുന്നത്. അങ്കണവാടി കെട്ടിടങ്ങളുടെ രൂപഘടന മുതല്‍ കുട്ടികളുടെ വിദ്യാഭ്യാസ നിലവാരം വരെയുള്ള എല്ലാകാര്യങ്ങളിലും ശ്രദ്ധിച്ചാണ് സ്മാര്‍ട്ട് അങ്കണവാടിയ്ക്ക് രൂപം നല്‍കിയിരിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here