മെഡിക്കൽ കമ്മീഷൻ ബില്ലിനെതിരെ പ്രതിഷേധം; രാജ്യ വ്യാപകമായി ഡോക്ടർമാർ നാളെ പണിമുടക്കും

രാജ്യ വ്യാപകമായി ഡോക്ടർമാർ നാളെ പണിമുടക്കും. ദേശീയ മെഡിക്കൽ കമ്മീഷൻ ബിൽ പാർലമെന്റിൽ പാസാക്കിയതിനെതിരെയാണ് പ്രതിഷേധം. 24 മണിക്കൂർ പണിമുടക്കിൽ നിന്ന് അത്യാഹിത വിഭാഗങ്ങളെയും ശസ്ത്രക്രിയകളെയും മാത്രം ഒഴിവാക്കും.
ഡോക്ടർമാർക്ക് പ്രാക്ടീസ് ചെയ്യുന്നതിന് മുമ്പ് അവസാനവർഷ ദേശീയ പരീക്ഷയ്ക്ക് ശുപാർശയുള്ള മെഡിക്കൽ കമ്മീഷൻ ബിൽ ഇന്നലെ ലോക്‌സഭയിൽ പാസാക്കിയിരുന്നു. സ്വകാര്യ മെഡിക്കൽ കോളേജുകളിൽ അമ്പത് ശതമാനം സീറ്റുകളിലെ ഫീസിന്റെ മാനദണ്ഡം കേന്ദ്രസർക്കാർ നിശ്ചയിക്കുമെന്നും ബിൽ വ്യവസ്ഥ ചെയ്യുന്നു. എംബിബിഎസ് അവസാന വർഷ പരീക്ഷ രാജ്യത്താകെ ഒറ്റ പരീക്ഷയാക്കും എന്നും ബില്ലിൽ വ്യവസ്ഥയുണ്ട്. ഇതേ പരീക്ഷയുടെ മാർക്കാവും എംഡി കോഴ്‌സിലേക്കുള്ള പ്രവേശനത്തിനും ആധാരം. ദേശീയതല മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റിന്റെ അടിസ്ഥാനത്തിലാവും എയിംസ് ഉൾപ്പടെ എല്ലാ സ്ഥാപനങ്ങളിലേക്കും പ്രവേശനം.
മെഡിക്കൽ വിദ്യാഭ്യാസത്തിന്റെ ചെലവ് കുത്തനെ ഉയർത്തുന്നതാണ് ബില്ലിലെ വ്യവസ്ഥകളെന്നാണ് ഡോക്ടർമാരുടെ പ്രധാന ആക്ഷേപം. ജനവിരുദ്ധവും വിദ്യാർത്ഥി വിരുദ്ധവുമായ ബിൽ പാവങ്ങൾക്ക് എതിരാണെന്നും ഡോക്ടർമാർ പറയുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here