സർവീസിൽ തിരിച്ചെടുക്കണം; ജേക്കബ് തോമസ് സർക്കാരിന് കത്തുനൽകി

സർവീസിൽ തിരിച്ചെടുക്കണമെന്ന ട്രിബ്യൂണൽ ഉത്തരവ് നടപ്പാക്കണമെന്നാവശ്യപ്പെട്ട് ജേക്കബ് തോമസ് സർക്കാരിന് കത്തുനൽകി. ചീഫ് സെക്രട്ടറിക്കും പൊതുഭരണവകുപ്പിനുമാണ് കത്തുനൽകിയിരിക്കുന്നത്. അതിനിടെ, ട്രിബ്യൂണൽ ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിക്കാനുള്ള ഒരുക്കത്തിലാണ് സംസ്ഥാന സർക്കാർ.

സംസ്ഥാന സർക്കാർ മൂന്നുവട്ടം സസ്‌പെൻഡ് ചെയ്ത ഡിജിപി ജേക്കബ് തോമസിനെ അടിയന്തരമായി സർവീസിൽ തിരിച്ചെടുക്കാൻ ഇന്നലെയാണ് കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണൽ ഉത്തരവിട്ടത്. കനത്ത തിരിച്ചടി മറികടക്കാൻ സർക്കാർ തന്ത്രങ്ങൾ മെനയുന്നതിനിടെയാണ് തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ടുള്ള ജേക്കബ് തോമസിന്റെ കത്ത്. ഉത്തരവിന്റെ പകർപ്പുസഹിതമാണ് അദ്ദേഹം സർക്കാരിനെ സമീപിച്ചിരിക്കുന്നത്.

അതേസമയം, ട്രിബ്യൂണൽ ഉത്തരവ് ഉടൻ നടപ്പാക്കേണ്ടതില്ലെന്നാണ് സർക്കാർ തലത്തിലെ ധാരണ. വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കാൻ നിയമോപദേശം തേടും. 2017 ഡിസംബർ മുതലാണ് ജേക്കബ് തോമസ് തുടർച്ചയായി സസ്‌പെൻഷൻ നേരിട്ടത്. സസ്‌പെൻഷനിൽ ഉള്ളപ്പോൾ തന്നെ ജോലിയിൽ നിന്നു വിരമിക്കാൻ അദ്ദേഹം അപേക്ഷ നൽകിയിരുന്നു. എന്നാൽ കേന്ദ്ര സർക്കാരിൽ നിന്നും അനുകൂല തീരുമാനമുണ്ടായില്ല. തിരികെ സർവീസിലേക്കില്ലെന്നും സന്നദ്ധ സംഘടനകളിൽ പ്രവർത്തിക്കുമെന്നുമുള്ള സൂചനയും ജേക്കബ് തോമസ് നൽകിയിരുന്നു.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More