ഇരുപത് ലക്ഷത്തിലേറെ തീര്‍ഥാടകര്‍ ഇക്കുറി ഹജ്ജ് നിര്‍വഹിക്കുമെന്ന് മക്ക ഗവര്‍ണര്‍

ഇക്കുറി ഇരുപത് ലക്ഷത്തിലേറെ തീര്‍ഥാടകര്‍ ഹജ്ജ് നിര്‍വഹിക്കുമെന്ന് മക്ക ഗവര്‍ണര്‍ ഖാലിദ് അല്‍ ഫൈസല്‍. ഹജ്ജ് തീര്‍ഥാടകരുടെ സേവനങ്ങള്‍ക്കായി മൂന്നു ലക്ഷത്തോളം ഉദ്യോഗസ്ഥരെ പുണ്യസ്ഥലങ്ങളില്‍ വിന്യസിക്കും.

സൈനികരും, സുരക്ഷാ ഉദ്യോഗസ്ഥരും, സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥരും, ആരോഗ്യ മന്ത്രാലയം ഉദ്യോഗസ്ഥരുമാണ് ഇതില്‍ ഉള്‍പ്പെടുന്നത്. ഇത്തവണ പതിനെട്ടു ലക്ഷത്തിലേറെ പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 2,30,000 ത്തോളം തീര്‍ഥാടകര്‍ സൗദിക്കകത്ത് നിന്നും ഹജ്ജ് നിര്‍വഹിക്കുമെന്ന് മക്ക ഗവര്‍ണര്‍ അമീര്‍ ഖാലിദ് അല്‍ ഫൈസല്‍ വ്യക്തമാക്കി.

അനധികൃതമായി ഹജ്ജ് നിര്‍വഹിക്കുന്നവരെ തടയാന്‍ സുരക്ഷാ വിഭാഗം നടത്തുന്ന പദ്ധതികള്‍ വന്‍ വിജയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പത്ത് വര്‍ഷം മുമ്പ് പതിനഞ്ചു ലക്ഷം തീര്‍ഥാടകര്‍ അനധികൃതമായി ഹജ്ജ് നിര്‍വഹിച്ചിരുന്ന സ്ഥാനത്ത് കഴിഞ്ഞ വര്‍ഷം ഹജ്ജ് നിര്‍വഹിച്ചത് ഒന്നര ലക്ഷം പേര്‍ മാത്രമായിരുന്നു.

ഇത്തവണ കൂടുതല്‍ കര്‍ശനമായ പരിശോധനയാണ് നടക്കുന്നത്. തീര്‍ഥാടകരുടെ സൗകര്യം കണക്കിലെടുത്ത് നിരവധി പുതിയ വികസന പ്രവര്‍ത്തനങ്ങള്‍ ആണ് ഹജ്ജുമായി ബന്ധപ്പെട്ട സ്ഥലങ്ങളില്‍ ഈ വര്‍ഷം നടപ്പിലാക്കിയത്. പുതിയ റോഡുകളും നടപ്പാതകളും നിര്‍മിച്ചു. പല പാതകളും വികസിപ്പിച്ചു. മിനായില്‍ നാല്‍പതിനായിരം കൂടുതല്‍ തീര്‍ഥാടകര്‍ക്ക് താമസിക്കാവുന്ന പുതിയ ടെന്റുകള്‍ പണിതു. രണ്ടായിരത്തി അഞ്ഞൂറ് പുതിയ ടോയ്ലറ്റുകള്‍ നിര്‍മിച്ചു. പ്രമുഖ അറബ് പത്രത്തിന് അനുവദിച്ച അഭിമുഖത്തില്‍ ഖാലിദ് അല്‍ ഫൈസല്‍ വിശദീകരിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top