അമ്പൂരി കൊലപാതക കേസ്; മൂന്ന് പ്രതികളെയും പൊലീസ് കസ്റ്റഡിയില്‍ വിട്ടു

അമ്പൂരി കൊലപാതകത്തിലെ മൂന്ന് പ്രതികളെയും പൊലീസ് കസ്റ്റഡിയില്‍ വിട്ടു. നെയ്യാറ്റിന്‍കര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് പ്രതികളെ ആറ് ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടത്. വിശദമായ തെളിവെടുപ്പിനും ചോദ്യം ചെയ്യലിനുമാണ് കസ്റ്റഡി.

അമ്പൂരി കൊലപാതകത്തില്‍ ഒന്നാം പ്രതി അഖില്‍, രണ്ടാം പ്രതി രാഹുല്‍, മൂന്നാം പ്രതി ആദര്‍ശ് എന്നിവരെ ഒരുമിച്ചാണ് ആറ് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടത്. പ്രതികളെ സംഭവവുമായി ബന്ധപ്പെട്ട എല്ലാ പ്രദേശങ്ങളിലുമെത്തിച്ച് തെളിവെടുക്കാനാണ് പൊലീസ് തീരുമാനം. നെയ്യാറ്റിന്‍കര ബസ് സ്റ്റാന്‍ഡ്, തട്ടാംമുക്കിലെ വീട്, കാര്‍ ഉപേക്ഷിച്ച തൃപ്പരപ്പ് എന്നിവിടങ്ങളിലെത്തിച്ച് കൊലപാതക രീതിയുള്‍പ്പെടെ വിശദമായി ചോദിച്ചു മനസിലാക്കും. കനത്ത പൊലീസ് സുരക്ഷയിലാകും തെളിവെടുപ്പ് നടത്തുക. മൂന്ന് പ്രതികളെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്ത് സംഭവത്തില്‍ വ്യക്തത വരുത്താനും പൊലീസ് ആലോചിക്കുന്നുണ്ട്. കേസില്‍ നിര്‍ണായക തെളിവായ യുവതിയുടെ കഴുത്തില്‍ കുരുക്കിട്ട കയറും വസ്ത്രങ്ങളും കണ്ടെടുക്കേണ്ടതുണ്ട്.

ഇവ രണ്ടും സുപ്രധാനമായ ശാസ്ത്രീയ തെളിവുകളാണ്. തെളിവെടുപ്പിനായി തിങ്കളാഴ്ച ഒന്നാം പ്രതി അഖിലുമായി തട്ടാംമുക്കിലെ വീട്ടിലെത്തിയെങ്കിലും നാട്ടുകാരുടെ പ്രതിഷേധം കാരണം തെളിവെടുപ്പ് പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിരുന്നില്ല. കൊലനടത്താനുപയോഗിച്ച കാര്‍ കഴുകിയ സ്ഥലത്തു നിന്നു കിട്ടിയ സ്ത്രീയുടെ മുടിയിഴകളും രക്തംപുരണ്ട ഇലകളും ശാസ്ത്രീയ പരിശോധന നടത്തി ലഭിക്കുന്ന ഫലവും കേസില്‍ പ്രധാനമാണ്. വാഹനം കഴുകിയ ശേഷം തുടക്കാന്‍ ഉപയോഗിച്ച തുണിയും കണ്ടെത്തണം. അഖിലിന്റെ ബന്ധുക്കള്‍ക്ക് സംഭവത്തില്‍ പങ്കുണ്ടോ എന്നുള്ള കാര്യവും അന്വേഷണ സംഘം പരിശോധിച്ച് വരികയാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top