Advertisement

പ്രഥമ ചാമ്പ്യന്‍സ് ബോട്ട് ലീഗില്‍ പങ്കെടുക്കുന്ന ടീമുകളുടെ ഫ്രാഞ്ചൈസി ലേലം ഇന്ന് കൊച്ചിയില്‍

August 1, 2019
Google News 0 minutes Read

പ്രഥമ ചാമ്പ്യന്‍സ് ബോട്ട് ലീഗില്‍ പങ്കെടുക്കുന്ന ടീമുകളുടെ ഫ്രാഞ്ചൈസി ലേലം ഇന്ന് കൊച്ചിയില്‍. ഒന്‍പത് ടീമുകളാണ് ലേലത്തിനുള്ളത്. ഒന്നരക്കോടിയാണ് ടീമിന്റെ അടിസ്ഥാന വില. ഈ മാസം പത്തു മുതല്‍ നവംബര്‍ ഒന്നുവരെയാണ് മല്‍സരങ്ങള്‍.

ഓളപ്പരപ്പുകളെ കോരിത്തരിപ്പിച്ചിട്ടുള്ള യുബിസി കൈനകരി, എന്‍സിഡിസി കുമരകം, എടത്വ വില്ലേജ് ബോട്ട് ക്ലബ്, എടത്വ ബ്രദേഴ്സ് ബോട്ട് ക്ലബ്, കെബിസി കുമരകം, വേമ്പനാട് ബോട്ട് ക്ലബ്, കുമരകം ടൗണ്‍ ബോട്ട് ക്ലബ്, പള്ളാത്തുരുത്തി ബോട്ട് ക്ലബ്, പൊലീസ് ബോട്ട് ക്ലബ് എന്നീ ഒന്‍പത് ടീമുകളെയാണ് ലേലത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. വള്ളം, ബോട്ട് ക്ലബ്, തുഴച്ചില്‍ക്കാര്‍ എന്നിവയടങ്ങുന്നതാണ് ഒരു ടീം. ഇവര്‍ തമ്മിലുള്ള കരാര്‍ ഒപ്പുവച്ചു. ഇനി ടീമുകള്‍ക്കു വേണ്ടി ലേലത്തില്‍ ഫ്രാഞ്ചൈസികളുടെ പോരാട്ടമാണ്. നിരവധി സ്ഥാപനങ്ങളും വ്യവസായ പ്രമുഖരും കായികതാരങ്ങളും സ്പോണ്‍സര്‍ഷിപ്പിന് താല്‍പര്യം അറിയിച്ചിട്ടുണ്ട്.

ഒന്നരക്കോടിയാണ് ടീമിന്റെ അടിസ്ഥാന വില. ലേലം കൊള്ളുന്ന തുകയുടെ 50 ശതമാനം ടീമുകള്‍ക്ക് നേരിട്ട് ലഭിക്കും. ഇത് ക്ലബുകളും വള്ളം ഉടമകളും പങ്കുവയ്ക്കും. ക്ലബില്‍ 25 ശതമാനം തുഴച്ചില്‍ക്കാരെ ഇതര സംസ്ഥാനത്തുനിന്നും പങ്കെടുപ്പിക്കാം. ഓരോ മത്സരത്തിലും ഒന്നാമതെത്തുന്നവര്‍ക്ക് 10 പോയിന്റ് ലഭിക്കും. രണ്ടാം സ്ഥാനത്തിന് എട്ട്, മൂന്നാംസ്ഥാനത്തിന് ഏഴ് എന്നിങ്ങനെയാണ് പോയിന്റ് നില. ഏറ്റവും കൂടുതല്‍ പോയിന്റുള്ള ടീമാകും കപ്പുയര്‍ത്തുക. ചാമ്പ്യന്‍സ് ലീഗ് വിജയികള്‍ക്ക് 25 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സ്ഥാനക്കാര്‍ക്ക് 15 ഉം മൂന്നാം സ്ഥാനക്കാര്‍ക്ക് 10 ലക്ഷവുമാണ് സമ്മാനത്തുക. ഈ മാസം പത്തിന് പുന്നമട കായലില്‍ നെഹ്‌റു ട്രോഫിയോടെ ആദ്യ മല്‍സരം തുടങ്ങും. 25 വര്‍ഷത്തിന് ശേഷം മറൈന്‍ഡ്രൈവും ഇത്തവണ വള്ളംകളി മല്‍സരത്തിന് സാക്ഷ്യം വഹിക്കും. നവംബര്‍ ഒന്നിന് കൊല്ലത്ത് നടക്കുന്ന പ്രസിഡന്റ്സ് ട്രോഫിയില്‍ ജേതാക്കളെ അറിയാം

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here