റൗഫിനെ കൊലപ്പെടുത്തിയത് എസ്ഡിപിഐ എന്ന് സഹോദരന്‍

കണ്ണൂര്‍ സിറ്റിയിലെ റൗഫിനെ കൊലപ്പെടുത്തിയത് എസ്ഡിപിഐ എന്ന് സഹോദരന്‍. മൂന്ന് വര്‍ഷം മുന്‍പ് വരെ റൗഫ് മുസ്ലീം ലീഗ് പ്രവര്‍ത്തകനായിരുന്നു. വ്യക്തി വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമായതെന്നും റൗഫിന്റെ സഹോദരന്‍ മശ്ഹൂദ്.

എസ്ഡിപിഐ പ്രവര്‍ത്തകനായ ഫാറൂഖിന്റെ കൊലപാതകത്തിന് ശേഷം പല തവണ റൗഫിന് ഭീഷണിയുണ്ടായിരുന്നതായി സഹോദരന്‍ മശ്ഹൂദ്. സംഭവത്തില്‍ എസ്ഡിപിഐ നേതൃത്വത്തിന് പങ്കുണ്ടെന്നും മശ്ഹൂദ് ട്വന്റി ഫോറിനോട് പറഞ്ഞു.

എസ്ഡിപിഐ അനുഭാവിയായിരുന്ന റൗഫ് പിന്നീട് സജീവ ലീഗ് പ്രവര്‍ത്തകനായി മാറി. ഫാറൂഖ് കൊലക്കേസില്‍ പ്രതിയായ ശേഷം ലീഗ് നേതൃത്വം തിരിഞ്ഞു നോക്കിയില്ല. ലീഗ് നേതാക്കള്‍ക്ക് എസ് ഡി പി ഐ യെ ഭയമെന്നും റൗഫിന്റെ സഹോദരന്‍. എന്നാല്‍ ആരോപണം നിഷേധിച്ച മുസ്ലീം ലീഗ് നേതൃത്വം കൂടുതല്‍ പ്രതികരിക്കാന്‍ തയ്യാറായില്ല.

ജൂലൈ 29ന് രാത്രി ആദികടലായിയിലെ സഹോദരന്റെ വീട്ടിലേക്ക് ബൈക്കില്‍ പോകവേയാണ് സംഘം ചേര്‍ന്നെത്തിയ അക്രമികള്‍ ആദികടലായി ബീച്ചിന് സമീപം ബൈക്ക് തടഞ്ഞ് നിര്‍ത്തി ഗുരുതരമായി വെട്ടി പരിക്കേല്‍പ്പിച്ചത്. കൈകാലുകളും മറ്റും അറ്റ് പോയ നിലയിലായിരുന്നു അക്രമം. റൗഫിന്റെ മരണം ഉറപ്പ് വരുത്തിയ ശേഷമാണ് അക്രമികള്‍ സ്ഥലം വിട്ടത്. പൊലീസും അഗ്നിശമന സേനയുടെ റസ്‌ക്യൂ സംഘവും എത്തിയാണ് റൗഫിനെ ആശുപത്രിയിലെത്തിച്ചത്. ജില്ലാ ആശുപത്രിയില്‍ നിന്നും സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടു പോയെങ്കിലും റൗഫ് മരണമടയുകയായിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top