‘ടീമിനു വേണ്ടി മാത്രമല്ല; രാജ്യത്തിനു വേണ്ടിയും കൂടിയാണ് കളിക്കുന്നത്’; കോലിയുമായി പ്രശ്നങ്ങളെന്ന റിപ്പോർട്ടുകൾക്ക് എരിവു പകർന്ന് രോഹിത്

ഇന്ത്യൻ ഉപനായകൻ രോഹിത് ശർമയും നായകൻ വിരാട് കോലിയും അത്ര രസത്തിലല്ല എന്ന റിപ്പോർട്ടുകൾ കുറേയായി കേൾക്കുന്നുണ്ട്. ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾ പരസ്പരം അൺഫോളോ ചെയ്തതും ഭാര്യമാർക്കിടയിലെ ശീതസമരങ്ങളുമൊക്കെ കണക്കിലെടുത്താണ് റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നത്. വിൻഡീസ് പര്യടനത്തിനു മുൻപ് ഇതൊക്കെ വെറും ഊഹാപോഹങ്ങളാണെന്ന കോലിയുടെ പ്രസ്താവന വിവാദങ്ങളെയൊക്കെ താത്കാലികമായി അവസാനിപ്പിച്ചതാണ്. പക്ഷേ, രോഹിത് ശർമയുടെ ഏറ്റവും പുതിയ ട്വീറ്റ് വീണ്ടും വിവാദങ്ങൾകു തിരി കൊളുത്തിയിരിക്കുകയാണ്.
‘താൻ കളിക്കുന്നത് ടീമിനു വേണ്ടി മാത്രമല്ല, രാജ്യത്തിനു കൂടി വേണ്ടിയാണെ’ന്ന രോഹിതിൻ്റെ ട്വീറ്റാണ് വീണ്ടും വിവാദത്തിലായത്. ബാറ്റിംഗിനായി ഗ്രൗണ്ടിലേക്കിറങ്ങുന്ന ചിത്രത്തോടോപ്പം ചെയ്ത ട്വീറ്റ് കോലിയെ ഉന്നം വെക്കുന്നതാണെന്നാണ് റിപ്പോർട്ടുകൾ. കോലിയും രവി ശാസ്ത്രിയും പ്രിയപ്പെട്ട കളിക്കാരും ചേർന്ന ഒരു സംഘം ടീമിൽ ഉണ്ടെന്ന റിപ്പോർട്ടുകളെ ശരി വെക്കുന്ന ട്വീറ്റാണ് രോഹിത് നടത്തിയിരിക്കുന്നതെന്നാണ് ട്വിറ്റർ ലോകം അഭിപ്രായപ്പെടുന്നത്.
ഈ മാസം മൂന്നാം തിയതി മുതലാണ് ഇന്ത്യയുടെ വിൻഡീസ് പര്യടനം ആരംഭിക്കുക. 3 വീതം ഏകദിന, ടി-20 മത്സരങ്ങളും 2 ടെസ്റ്റ് മാച്ചുകളുമാണ് പര്യടനത്തിലുള്ളത്. ഋഷഭ് പന്താണ് മൂന്ന് ഫോർമാറ്റുകളിലെയും ഫസ്റ്റ് ചോയിസ് വിക്കറ്റ് കീപ്പർ. ലോകകപ്പിനിടയിൽ പരിക്കേറ്റ് പുറത്തായ ഓപ്പണർ ശിഖർ ധവാൻ ടീമിലേക്ക് തിരികെ എത്തിയിട്ടുണ്ട്.
I don’t just walk out for my Team. I walk out for my country. pic.twitter.com/S4RFkC0pSk
— Rohit Sharma (@ImRo45) July 31, 2019
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here