നേര്യമംഗലം പാലത്തിലെ ആർച്ചിന് മുകളിൽ കയറി ആദിവാസി യുവാവിന്റെ ആത്മഹത്യാ ഭീഷണി

കോതമംഗലത്തിന് സമീപം നേര്യമംഗലം പാലത്തിലെ ആർച്ചിന് മുകളിൽ കയറി ആദിവാസി യുവാവിന്റെ ആത്മഹത്യാ ഭീഷണി. യുവാവിനെ മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ പൊലീസും ഫയർഫോഴ്‌സും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തി. കൊച്ചി-ധനുഷ് കോടി ദേശീയപാതയിൽ നേര്യമംഗലം പാലത്തിന്റെ ആർച്ചിന് മുകളിൽ കയറിയായിരുന്നു യുവാവിന്റെ ആത്മഹത്യാ ഭീഷണി. നേര്യമംഗലം അഞ്ചാംമൈൽക്കുടി സ്വദേശി രാജീവ് ആണ് ആത്മഹത്യാ ഭീഷണി മുഴക്കിയത്.
രണ്ട് മണിയോടെ പാലത്തിന്റെ ആർച്ചിന് മുകളിൽ കയറി നിലയുറപ്പിച്ച രാജീവിനെ നാലരയോടെയാണ് താഴെയിറക്കാനായത്. സംഭവത്തെ തുടർന്ന് ദേശീയ പാതയിൽ മൂന്ന് മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. പാലത്തിന് മുകളിൽ നിന്ന് താഴെയിറക്കിയ രാജീവിനെ നേര്യമംഗലത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് പ്രാഥമിക പരിശോധന നടത്തിയ ശേഷം ബന്ധുക്കൾക്കൊപ്പം വിട്ടയച്ചു. പാലത്തിന്റെ ആർച്ചിനു മുകളിൽ കയറിയതെങ്ങനെയെന്ന് ഓർമ്മയില്ലെന്നായിരുന്നു രാജീവിന്റെ പ്രതികരണം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here