എറണാകുളത്തെ ലാത്തിച്ചാർജ്; പരാതികൾ അന്വേഷിക്കാൻ സിപിഐയിൽ അന്വേഷണ കമ്മീഷൻ

സിപിഐ നേതാക്കൾക്ക് നേരെ എറണാകുളത്തുണ്ടായ ലാത്തിച്ചാർജുമായി ബന്ധപ്പെട്ട പരാതികൾ അന്വേഷിക്കാൻ സിപിഐ സംസ്ഥാന നിർവാഹകസമിതിയുടെ തീരുമാനം. കെ.പി.രാജേന്ദ്രൻ അധ്യക്ഷനായ സമിതിയിൽ വി.ചാമുണ്ണി, പി.പി.സുനീർ എന്നിവർ അംഗങ്ങളാണ്. സംസ്ഥാന നേതൃത്വം നടത്തിയ വിമർശനങ്ങളിൽ പിഴവുണ്ടായോ എന്നതും കമ്മീഷൻ പരിശോധിക്കും.ലാത്തിച്ചാർജിലേക്ക് കാര്യങ്ങൾ എത്തിയതിൽ ജില്ലാ നേതൃത്വത്തിന് പിഴവുണ്ടായെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണ കമ്മീഷനെ വെക്കാനുള്ള തീരുമാനം.

Read Also; സിപിഐ മാർച്ചിനിടെ പ്രകോപനമുണ്ടാക്കിയത് എൽദോ എബ്രഹാം എംഎൽഎ; തെളിവുകൾ പൊലീസ് കളക്ടർക്ക് കൈമാറി

ജില്ലാ നിർവാഹക സമിതിയംഗങ്ങളുടേതടക്കം രേഖാമൂലം കിട്ടിയ പരാതികൾ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ യോഗത്തിൽ പരാമർശിച്ചു. സംസ്ഥാനനേതൃത്വത്തിന് വീഴ്ച പറ്റിയെന്ന വാദം അടിസ്ഥാന രഹിതമാണ്. സംഭവം നടക്കുമ്പോൾ താൻ മുഖ്യമന്ത്രിയുമായി വേദി പങ്കിടുകയായിരുന്നു. ലാത്തിച്ചാർജിനെക്കുറിച്ച് മാധ്യമപ്രവർത്തകർ ചോദിക്കുമ്പോഴാണ് അറിയുന്നത്. സംഭവത്തെക്കുറിച്ച് അറിയില്ലെന്നു പറഞ്ഞതാണ്, താൻ പ്രതികരിച്ചില്ലെന്ന്
വ്യാഖാനിച്ചതെന്നും കാനം വിശദീകരിച്ചു. പിന്നീടും താൻ നടത്തിയ പ്രസ്താവനകളിൽ നിന്നും അടർത്തിമാറ്റിയ വാചകങ്ങൾ തെറ്റായ അർത്ഥത്തിൽ പ്രചരിപ്പിക്കപ്പെട്ടു. പാർട്ടിയുടെ ശക്തമായ ഇടപെടലിനെതുടർന്നാണ് മജിസ്റ്റീരിയൽ അന്വേഷണത്തിന് മുഖ്യമന്ത്രി തയ്യാറായതെന്നും
കാനം വ്യക്തമാക്കി.

Read Also; ‘കാനത്തെ മാറ്റു, സിപിഐയെ രക്ഷിക്കൂ’; സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരെ ആലപ്പുഴയിൽ പോസ്റ്റർ

അതേ സമയം കാനത്തിന് കൂടുതൽ ശക്തമായ പ്രതികരണം നടത്താമായിരുന്നുവെന്ന് യോഗത്തിൽ വിമർശനമുയർന്നു. എംഎൽഎയെ അടക്കം മർദിച്ച പൊലീസ് ഉദ്യോഗസ്ഥർക്കെതിരായ നടപടി വൈകുന്ന പശ്ചാത്തലത്തിൽ സിപിഐ നേതാക്കൾ മുഖ്യമന്ത്രിയുമായും കോടിയേരിയുമായും ഇന്ന് കൂടിക്കാഴ്ച നടത്തിയിരുന്നു. നിർവാഹകസമിതി യോഗത്തിന് ശേഷം എകെജി സെന്ററിലെത്തിയാണ്‌ കാനവും ഇ.ചന്ദ്രശേഖരനും സിപിഐഎം നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയത്. പൊലീസുകാർക്കെതിരായ നടപടി വൈകില്ലെന്ന് മുഖ്യമന്ത്രി കൂടിക്കാഴ്ചയിൽ ഉറപ്പുനൽകിയതായാണ് സൂചന.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top