ഏറ്റവും മികച്ച കളിക്കാരൻ ക്രിസ്ത്യാനോ റൊണാൾഡോ ആണെന്ന് വിരാട് കോലി

മെസ്സിയോ ക്രിസ്ത്യാനോയോ എന്ന ചോദ്യത്തിൽ തൻ്റെ അഭിപ്രായം രേഖപ്പെടുത്തി ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ വിരാട് കോലി. ക്രിസ്ത്യാനോ റൊണാൾഡോ ആണ് മികച്ച കളികാരൻ എന്നാണ് കോലിയുടെ അഭിപ്രായ പ്രകടനം. ഫിഫയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഇന്ത്യൻ നായകൻ മനസ്സു തുറന്നത്. പൂർണ്ണനായ കളിക്കാരനാണ് ക്രിസ്ത്യാനോ എന്നഭിപ്രായപ്പെട്ട കോലി അദ്ദേഹം ഒട്ടേറെ പേർക്ക് പ്രചോദനമാണെന്നും കൂട്ടിച്ചേർത്തു.

“അദ്ദേഹമാണ് കൂടുതൽ വെല്ലുവിളികൾ ഏറ്റെടുത്തതും അതിലൊക്കെ വിജയിച്ചത്. ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും പൂർണനായ കളിക്കാരനാണ് ക്രിസ്ത്യാനോ. അദ്ദേഹത്തിൻ്റെ തൊഴിൽ നൈതികത സമാനതകളില്ലാത്തതാണ്. അദ്ദേഹം ആൾക്കാരെ പ്രചോദിപ്പിക്കുന്നു. ഒരുപാട് ആളുകളൊന്നും അത് ചെയ്യുന്നുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. അദ്ദേഹം ഒരു നേതാവ് കൂടിയാണ്. എതെനിക്ക് വലിയ ഇഷ്ടമാണ്.”- കോലി പറഞ്ഞു.

ഫ്രാൻസ് കൗമാര താരം കിലിയൻ എംബാപ്പെയാവും ഭാവിയിലെ ഏറ്റവും ശ്രദ്ധേയനായ താരമെന്നും കോലി അഭിപ്രായപ്പെട്ടു. ഒപ്പം, ഇന്ത്യൻ ഫുട്ബോൾ ടീം നായകൻ സുനിൽ ഛേത്രി ഒരു ലോകകപ്പ് മത്സരമെങ്കിലും കളിക്കേണ്ടത് കളിയോട് ചെയ്യേണ്ട നീതിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ ചില വർഷങ്ങളിലായി ഇന്ത്യൻ ഫുട്ബോൾ ഒട്ടേറെ മെച്ചപ്പെട്ടിട്ടുണ്ടെന്നും ഉടൻ തന്നെ ലോകകപ്പ് യോഗ്യത നേടാനാവുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും കോലി പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top