കശ്മീർ വിഷയത്തിൽ മധ്യസ്ഥ ചർച്ചയ്ക്ക് തയ്യാറാണെന്ന ട്രംപിന്റെ പ്രസ്താവന തള്ളി ഇന്ത്യ

പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടാൽ കശ്മീർ വിഷയത്തിൽ മധ്യസ്ഥ ചർച്ചയ്ക്ക് തയ്യാറാണെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപിന്റെ പ്രസ്താവന തള്ളി ഇന്ത്യ. കശ്മീർ വിഷയത്തിൽ ഇന്ത്യ പാക്കിസ്ഥാനോട് മാത്രമാണ് ചർച്ച നടത്തുകയെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ വ്യക്തമാക്കി. അമേരിക്കൻ വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോട് ഇന്ത്യ ഇക്കാര്യം അറിയിച്ചു.

ഇന്നലെ വൈറ്റ് ഹൗസിൽ മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപ് നിലപാട് ആവർത്തിച്ചത്. ഇന്ത്യയും പാക്കിസ്ഥാനും ആവശ്യപെടുകയാണെങ്കിൽ കശ്മീർ വിഷയം പരിഹരിക്കാൻ മധ്യസ്ഥത വഹിക്കാൻ തയ്യാറാണ്. വിഷയം പരിഹരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് ഇരു രാഷ്ട്രങ്ങങ്ങളുമാണെന്നും ട്രംപ് പറഞ്ഞിരുന്നു.

ഇതിനു പിന്നാലെയാണ് ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ നിലപാട് വ്യക്തമാക്കിയത്. ഇന്ത്യയും പാക്കിസ്ഥാനുമായുള്ള വിഷയമാണിത്. പ്രശ്‌ന പരിഹാരം ഉഭയകക്ഷി ചർച്ചകളിലൂടെ മാത്രമെന്നും അമേരിക്കൻ വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോയെ ഇന്ത്യ അറിയിച്ചു. ബാങ്കോക്കിൽ നടക്കുന്ന ആസിയാൻ രാജ്യങ്ങളുടെ ഉച്ചകോടിക്കിടെ നടന്ന ചർച്ചയിലാണ് എസ് ജയശങ്കർ ഈ കാര്യം അറിയിച്ചത്. നേരത്തെ കശ്മീർ വിഷയത്തിൽ ഇന്ത്യക്കും പാക്കിസ്ഥാനും തമ്മിൽ മധ്യസ്ഥത വഹിക്കാൻ മോദി തന്നോട് ആവശ്യപ്പെട്ടുവെന്ന ട്രംപിന്റെ പ്രസ്താവന വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top