എ ആർ ക്യാമ്പിലെ പൊലീസ് ഉദ്യോഗസ്ഥന്റെ ആത്മഹത്യ; റിപ്പോർട്ട് സമർപ്പിച്ചു

കല്ലേക്കാട് എ ആർ ക്യാമ്പിലെ പൊലീസുകാരൻ കുമാറിന്റെ മരണത്തിൽ സ്‌പെഷ്യൽ ബ്രാഞ്ച് അന്വേഷണ സംഘം തൃശൂർ റെയ്ഞ്ച് ഡിഐജിക്ക് റിപ്പോർട്ട് സമർപ്പിച്ചു. ജാതി വിവേചനവും കുമാറിനേറ്റ പീഡനങ്ങളിലും വ്യക്തതയില്ലെന്നാണ് റിപ്പോർട്ടിന്റെ ഉള്ളടക്കമെന്നാണ് സൂചന. അതേസമയം റിപ്പോർട്ട് ലഭിച്ചാലുടൻ കുറ്റക്കാർക്കെതിരെ നടപടിയുണ്ടാകുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ പ്രതികരിച്ചു.
കുമാറിന്റെ ആത്മഹത്യ കുറിപ്പും കുടുംബത്തിന്റെ ആരോപണവും വിരൽ ചൂണ്ടിയത് കല്ലേക്കാട് എ ആർ ക്യാമ്പിലെ ജാതി വിവേചനത്തെ കുറിച്ച് തന്നെയാണ്. പക്ഷെ ഇക്കാര്യത്തിൽ വ്യക്തതയില്ലന്നാണ് സ്‌പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി സുന്ദരന്റെ അന്വേഷണ റിപ്പോർട്ട് പറഞ്ഞു വെയ്ക്കുന്നതെന്നാണ് സൂചന. കുമാറിന്റെ കുടുംബാംഗങ്ങളുടേയും കുറ്റാരോപിതരായ ഡിസി സുരേന്ദ്രന്റേയും പൊലീസുകാരുടേയും മൊഴി രേഖപ്പെടുത്തിയെങ്കിലും കാര്യമായ നിഗമനങ്ങൾ അന്വേഷണ റിപ്പോർട്ടിലില്ലെന്നാണ് പറയപ്പെടുന്നത്. തൃശൂർ റെയ്ഞ്ച് ഡിഐജിക്ക് സമർപ്പിച്ച റിപ്പോർട്ടിൽ വിശദമായ അന്വേഷണം ഇക്കാര്യങ്ങളിലെല്ലാം ശുപാർശ ചെയ്തതായാണ് സൂചന. ജില്ലാ പൊലീസ് മേധാവി പരിശോധിച്ച ശേഷമാണ് റിപ്പോർട്ട് ഡിഐജിക്ക് കൈമാറിയിരിക്കുന്നത്.
കേസിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് കുമാറിന്റെ ഭാര്യ സജിനിയും കുടുംബവും മുഖ്യമന്ത്രിയെ കാണാൻ തിരുവനന്തപുരത്ത് എത്തിയിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here