റസലിന് പരിക്കൊഴിയുന്നില്ല; ഇന്ത്യക്കെതിരായ പരമ്പരയിൽ നിന്നു പുറത്ത്

കഴിഞ്ഞ കുറച്ച് മാസങ്ങളായി തുടർന്നു വരുന്ന പരിക്ക് ആന്ദ്രേ റസലിനെ വിട്ടൊഴിയുന്നില്ല. കാൽമുട്ടിനേറ്റ പരിക്കിനെത്തുടർന്ന് ഇന്ത്യക്കെതിരായ പരമ്പരയിൽ നിന്നാണ് ഇപ്പോൾ റസൽ പുറത്തായിരിക്കുന്നത്. മൂന്ന് മത്സരങ്ങളടങ്ങിയ ടി-20 പരമ്പര ഇന്ന് തുടങ്ങാനിരിക്കെയാണ് വിൻഡീസിനു തിരിച്ചടിയായി റസലിൻ്റെ പരിക്ക്.
ഗ്ലോബൽ കാനഡ ടി20 ലീഗിനിടെയായിരുന്നു റസലിന് പരിക്കേറ്റത്. കാൽമുട്ടിനു പരിക്കായിട്ടും കാനഡ ലീഗിൽ കളിച്ചതാണ് അദ്ദേഹത്തിന് തിരിച്ചടിയായത്. ടി20 ലീഗിനിടെ താരത്തിന്റെ കാൽമുട്ടിലെ പരിക്ക് വഷളാവുകയായിരുന്നു. നിലവിൽ ഇന്ത്യയ്ക്കെതിരായ ടി20 പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിൽ നിന്നാണ് റസൽ പുറത്തായിരിക്കുന്നത്. പരിക്ക് ഭേദമായാൽ അദ്ദേഹം മൂന്നാം ടി-20 ക്കുള്ള വിൻഡീസ് ടീമിൽ തിരിച്ചെത്തും.
റസലിന് പകരക്കാരനായി ജേസൺ മൊഹമ്മദിനെ വിൻഡീസ് ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ശനി, ഞായർ ദിവസങ്ങളിൽ അമേരിക്കയിലെ ഫ്ലോറിഡയിലാണ് ടി20 പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങൾ നടക്കുക. പരമ്പരയിലെ മൂന്നാമത്തേയും അവസാനത്തേയും മത്സരം ചൊവ്വാഴ്ച ഗയാനയിൽ നടക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here