ടാസ്‌ക് ഫോഴ്‌സിന്റെ പരിശോധനക്കിടെ മലപ്പുറത്ത് മാവോയിസ്റ്റ് വെടിവെയ്പ്പ്

മലപ്പുറം വഴിക്കടവ് മരുതയില്‍ ടാസ്‌ക് ഫോഴ്‌സിന്റെ പരിശോധനക്കിടെ മാവോയിസ്റ്റ് വെടിപെയ്പ്പ്. വെടിയുതിര്‍ത്ത ശേഷം ഉള്‍വനത്തിലേക്ക് രക്ഷപ്പെട്ട മാവോയിസ്റ്റുകളെ കണ്ടെത്താന്‍ കേരള, തമിഴ്‌നാട് പൊലീസ് സംയുക്ത പരിശോധനയാരംഭിച്ചു.

ജിപിഎസ് സംവിധാനത്തിന്റെ സഹായത്തോടെ മാവോയിസ്റ്റുകളുടെ സാന്നിധ്യം മനസിലാക്കി വളയാനുളള തമിഴ്‌നാട് സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സിന്റെ ശ്രമത്തിനിടെയാണ് മാവോയിസ്റ്റ് വെടിയുതിര്‍ത്തത്. സമീപത്തെ ക്യാമ്പിലുണ്ടായിരുന്നവര്‍ക്ക് മുന്നറിയിപ്പ് നല്‍കാനായി ഏറുമാടത്തിലുണ്ടായിരുന്ന മാവോയിസ്റ്റാണ് രണ്ടു റൗണ്ട് വെടിവച്ചത്.

സംഭവത്തിന് പിന്നാലെ ഏറുമാടത്തിലുണ്ടായിരുന്ന മാവോയിസ്റ്റ് അടക്കം എല്ലാവരും രക്ഷപ്പെട്ടു. മരുത കുട്ടിപ്പാറക്ക് സമീപം മാവോയിസ്റ്റ് ക്യാമ്പ് പ്രവര്‍ത്തിക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. പിന്നാലെ സേന നടത്തിയ പരിശോധനയില്‍ മൊബൈല്‍ ഫോണ്‍ ചാര്‍ജറുകളും പാത്രങ്ങളും പലചരക്കുസാധനങ്ങളും ക്യാമ്പില്‍ നിന്ന് കണ്ടെത്തി.

പിന്നാലെ കേരളത്തില്‍ നിന്നുളള കൂടുതല്‍ സായുധസംഘവും സ്ഥലത്തെത്തി. തമിഴ്‌നാട്ടില്‍ നിന്നെത്തിയ ഒരു സംഘം മരുത വഴിയും കേരള പൊലീസും തണ്ടര്‍ബോള്‍ട്ടും നാടുകാണിയോട് ചേര്‍ന്ന സ്ഥലങ്ങളിലും തിരച്ചില്‍ തുടരുകയാണ്. ചുരത്തിലും അതിര്‍ത്തി ചെക്ക്‌പോസ്റ്റുകളിലും പൊലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. മലപ്പുറം ജില്ല പൊലീസ് മേധാവി യു. അബ്ദുല്‍ കരീമും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top