നെഹ്‌റുട്രോഫി ജലമേളയുടെ ടിക്കറ്റ് വിതരണ ചുമതല ടൂറിസം വകുപ്പിന് കൈമാറി

നെഹ്‌റുട്രോഫി ജലമേളയുടെ ടിക്കറ്റ് വിതരണ ചുമതല റവന്യൂ വകുപ്പില്‍ നിന്നും ടൂറിസം വകുപ്പിന് കൈമാറി. പ്രധാനമായും ഓണ്‍ലൈന്‍ വഴിയാണ് ഇക്കുറി ടിക്കറ്റ് വില്‍പ്പന പുരോഗമിക്കുന്നത്. അതേസമയം ലേലം മാറ്റിവെച്ചമെങ്കിലും സിബിഎല്‍ നടത്തുന്നതിന് തടസമില്ലെന്നും ടൂറിസം വകുപ്പ് ആവശ്യമായ പണം നീക്കിവെച്ച് കഴിഞ്ഞുവെന്നും ആലപ്പുഴ ജില്ലാകളക്ടര്‍ അറിയിച്ചു.

സിബിഎല്ലിന് തുടക്കം കുറിക്കുന്നതോടെ നെഹറു ട്രോഫിയുടെയും മുഖച്ചായ മാറുകയാണ്. ടൂറിസം വകുപ്പിനെ കൂടുതല്‍ ചുമതലകള്‍ ഏല്‍പ്പിക്കുന്നതിന്റെ ഭാഗമായി ടിക്കറ്റ് വില്‍പ്പനയുടെ ചുമതല റവന്യൂ വകുപ്പില്‍ നിന്നും ടൂറിസം വകുപ്പിന് കൈമാറിക്കഴിഞ്ഞു. ഇത്തവണ പ്രധാനമായും ഓണ്‍ലൈന്‍ വഴിയാണ് ടിക്കറ്റുകളുടെ വില്‍പ്പന നടക്കുക.

വര്‍ഷങ്ങളായി നെഹറു ട്രോഫി ജലമേളയുടെ ടിക്കറ്റ് വില്‍പ്പന നടത്തിയിരുന്നത് റവന്യു വകുപ്പിന് കീഴില്‍ വില്ലേജ് ഓഫീസുകള്‍ വഴി അടക്കമായിരുന്നു. റവന്യൂ ഓഫീസുകളില്‍ സേവനത്തിനെത്തുന്നവരെ നിര്‍ബന്ധിച്ച് ടിക്കറ്റ് വാങ്ങിപ്പിക്കുന്ന രീതിയും നിലനിന്നിരുന്നു. എന്നാല്‍ ഓണ്‍ലൈന്‍ സംവിധാനം വരുന്നതോടെ ആവശ്യക്കാര്‍ക്ക് സൗകര്യമനുസരിച്ച് ടിക്കറ്റുകള്‍ ബുക്ക് ചെയാനാകും.

അതേസമയം മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ജലോത്സവ പ്രേമികളില്‍ ആവേശം ഏറിയിട്ടുണ്ടെന്നും ടിക്കറ്റ് വില്‍പ്പനയില്‍ വര്‍ധന ഉണ്ടാകും എന്നുമാണ് പ്രതീക്ഷ. സിബിഎല്‍ സംബന്ധിച്ച ആശകകള്‍ക്ക് യാതൊരു അടിസ്ഥാനമില്ലെന്ന് ആലപ്പുഴ ജില്ലാ കളക്ടര്‍ വ്യക്തമാക്കി.

ഇക്കുറി നെഹ്‌റു ട്രോഫി വള്ളംകളി കാണാനായി എത്തുന്ന മുതിര്‍ന്ന പൗരന്മാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും പ്രത്യേക പവലിയനുകള്‍ ഒരുക്കിയിട്ടുണ്ട്. ഓരോ പവലിയനാണ് ഭിന്നശേഷിക്കാര്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കുമായി തയ്യാറാക്കുന്നത്. വിക്ടറി ലൈനിനും റോസ് ലൈനും ഇടയിലാണ് ഇവ സജ്ജീകരിച്ചിരിക്കുന്നത്. ഏതായാലും അടിമുടി മാറി ആധുനീകതയുടെ ദൃശ്യ ചരുത ഒരുക്കിയാണ് നെഹ്‌റു ട്രോഫിക്ക് ഇത്തവണ തുഴയെറിയുക.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top