നവദീപിന്റെ മികച്ച പ്രകടനം; താരത്തെ രഞ്ജി ടീമിൽ ഉൾപ്പെടുത്താൻ വിസമ്മതിച്ച മുൻ ഇന്ത്യൻ താരങ്ങളെ പേരെടുത്തു വിമർശിച്ച് ഗൗതം ഗംഭീർ: വിവാദം

വെസ്റ്റ് ഇൻഡീസിനെതിരെ ഇന്നലെ നടന്ന ആദ്യ ടി-20 മത്സരത്തിൽ മാൻ ഓഫ് ദി മാച്ചായ അരങ്ങേറ്റക്കാരൻ ബൗളർ നവദീപ് സെയ്നിയാണ് ഇന്നത്തെ വാർത്ത. ആദ്യ മത്സരത്തിൻ്റെ പകപ്പുകളില്ലാതെ പന്തെറിഞ്ഞ സെയ്നി അവസാന ഓവറിലെ മെയ്ഡിനടക്കം 17 റൺസ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റുകൾ എടുത്തിരുന്നു. രാജ്യം മുഴുവൻ ഈ യുവതാരത്തെ പുകഴ്ത്തുമ്പോൾ മുൻ ഇന്ത്യൻ താരങ്ങളായ രണ്ട് പേരെ പേരെടുത്തു വിമർശിച്ച് മുൻ താരവും എംപിയുമായ ഗൗതം ഗംഭീർ രംഗത്തെത്തിയിരിക്കുകയാണ്. തൻ്റെ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് ഗംഭീർ രംഗത്തു വന്നത്.
ഗൗതം ഗംഭീറാണ് സെയ്നിയെ പ്രൊഫഷണൽ ക്രിക്കറ്റിലേക്ക് കൈപിടിച്ചുയർത്തുന്നത്. ഡെൽഹിയിൽ നടന്ന ഒരു പരിശീലന സെഷനിടെ നെറ്റ്സിൽ പന്തെറിയുന്ന സെയ്നിയുടെ മികവ് കണ്ടാണ് ഗംഭീർ അദ്ദേഹത്തെ ശ്രദ്ധിക്കുന്നത്. യുവ താരം കൊള്ളാമെന്ന് തോന്നിയ ഗംഭീർ ഡെൽഹി ടീമിൽ അദ്ദേഹത്തെയും ഉൾപ്പെടുത്താൻ ശ്രമിച്ചു. എന്നാൽ അന്ന് ഡെൽഹി ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ തലപ്പത്തുണ്ടായിരുന്ന ബിഷൻ സിംഗ് ബേദിയും ചേതൻ ചൗഹാനും ഇതിനെ എതിർത്തു. സെയ്നിയെ ടീമിൽ ഉൾപ്പെടുത്തുന്നതിനോട് മുൻ ഇന്ത്യൻ താരങ്ങളായ ഇവർ ശക്തമായ എതിർപ്പ് പ്രകടിപ്പിച്ചു. എന്നാൽ ഇവരെ എതിർത്തു സംസാരിച്ച ഗംഭീർ സെയ്നിയെ ടീമിൽ ഉൾപ്പെടുത്തണമെന്ന് വാശി പിടിച്ചു. അങ്ങനെയാണ് സെയ്നിയുടെ യാത്ര ആരംഭിക്കുന്നത്.
ഇന്നലെ വിൻഡീസിനെതിരെ കളിച്ച് കൊണ്ട് സൈനി അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിക്കുമ്പോൾ അത് ഗംഭീറിന്റെ ദീർഘദൃഷ്ടിയുടെ കൂടി വിജയമായി. ഈ അവസരത്തലാണ് ഇരുവർക്കുമെതിരെ ഗംഭീർ രംഗത്തെത്തിയത്. രൂക്ഷമായ ഭാഷയിലാണ് ഗംഭീറിൻ്റെ വിമർശനം. അന്താരാഷ്ട്ര അരങ്ങേറ്റത്തിനു സെയ്നിക്ക് ആശംസകൾ അറിയിച്ച ഗംഭീർ തുടങ്ങും മുൻപേ കരിയറിനു ചരമക്കുറിപ്പെഴുതാൻ ശ്രമിച്ച ബിഷൻ സിംഗ് ബേദിയെയും ചൗഹാനെയും രൂക്ഷമായി വിമർശിക്കുന്നുണ്ട്. ബിസിസിഐ, ബിഷൻ സിംഗ് ബേദി, ചേതൻ ചൗഹാൻ എന്നിവരെ ട്വീറ്റിൽ മെൻഷൻ ചെയ്തിട്ടുമുണ്ട്. എന്തായാലും ഈ ട്വീറ്റ് വലിയ ചർച്ചകൾക്ക് വഴി വെച്ചിരിക്കുകയാണ്.
Kudos Navdeep Saini on ur India debut. U already have 2 wkts even before u have bowled— @BishanBedi & @ChetanChauhanCr. Their middle stumps are gone seeing debut of a player whose cricketing obituary they wrote even before he stepped on the field, shame!!! @BCCI pic.twitter.com/skD77GYjk9
— Gautam Gambhir (@GautamGambhir) August 3, 2019
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here