ശ്രീറാം വെങ്കിട്ടരാമനെ കിംസിൽ നിന്നും മാറ്റും; ഡിസ്ചാർജ് നടപടികൾ ആരംഭിച്ചു

മാധ്യമപ്രവർത്തകനെ വാഹനമിടിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ ചികിത്സയിൽ കഴിയുന്ന ശ്രീറാം വെങ്കിട്ടരാമനെ കിംസ് ആശുപത്രിയിൽ നിന്നും മാറ്റും. മെഡിക്കൽ കോളേജിലേക്കാണ് ശ്രീറാമിനെ മാറ്റുന്നത്. ശ്രീറാമിന്റെ ഡിസ്ചാർജ് നടപടികൾ ആരംഭിച്ചു. കിംസ് ആശുപത്രിയിൽ ശ്രീറാമിന് പഞ്ചനക്ഷത്ര സൗകര്യം ഒരുക്കുന്നുവെന്ന വാർത്ത പുറത്തുവന്നതിന് പിന്നാലെയാണ് നടപടി.
കിംസ് ആശുപത്രിയിലെ ഒമ്പതാം നിലയിൽ എ സി ഡീലക്‌സ് റൂമിലാണ് ശ്രീറാം ചികിത്സയിലുള്ളത്. വാർത്തയ്ക്കും വിനോദത്തിനും ടി വി അടക്കം അത്യാധുനിക സൗകര്യങ്ങളുണ്ട്. ആവശ്യമെങ്കിൽ ഫോൺ ഉപയോഗിക്കാം. സോഷ്യൽ മീഡിയയടക്കം ശ്രീറാം നിരീക്ഷിക്കുന്നുണ്ടെന്നാണ് സൂചന.
മെഡിക്കൽ കോളേജിലേക്ക് മാറ്റാൻ കഴിയാത്ത ഗുരുതര ആരോഗ്യ പ്രശ്‌നങ്ങൾ ശ്രീറാമിനില്ല. കൈക്ക് നിസാര പരിക്കു മാത്രമാണ് ശ്രീറാമിനുള്ളതെന്നാണ് വിവരം. റിമാൻഡ് ചെയ്ത പ്രതികൾക്ക് ചികിത്സ വേണമെങ്കിൽ സർക്കാർ ആശുപത്രിയിലേക്ക് മാറ്റുകയാണ് പതിവ്. അതീവ ഗുരുതര ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടെങ്കിൽ മാത്രമാണ് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തുടരാൻ അനുവദിക്കുക. എന്നാൽ ശ്രീറാമിന് വേണ്ടി പൊലീസും ഡോക്ടർമാരും ഒത്തു കളിച്ചു എന്ന ആക്ഷേപമാണ് ഉയർന്നത്.
സുഹൃത്തുക്കളുമായി ശ്രീറാം നിരന്തരം ഫോണിൽ ബന്ധപ്പെടുന്നുണ്ടെന്നും സൂചനയുണ്ട്. മെഡിക്കൽ കോളേജിൽ ശ്രീറാമിന്റെ ഒപ്പം പഠിച്ചവരും, പരിചയക്കാരായ ഡോക്ടർമാരുമാണ് ഇയാളെ ചികിത്സിക്കുന്നത്. രക്തത്തിൽ മദ്യത്തിന്റെ അളവ് കുറയ്ക്കാൻ മരുന്ന് കഴിച്ചിരുന്നോ എന്ന സംശയവും ബലപ്പെടുകയാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here