‘കാശ്മീരിൽ സമാധാനവും വികസനവും കൊണ്ടു വരാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു’; കേന്ദ്രസർക്കാരിനെ പിന്തുണച്ച് കെജ്‌രിവാൾ

ജമ്മുകാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ കേന്ദ്രസർക്കാർ തീരുമാനത്തെ പിന്തുണയ്ക്കുന്നതായി ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി നേതാവുമായ അരവിന്ദ് കെജ്‌രിവാൾ. കാശ്മീരിൽ സമാധാനവും വികസനവും കൊണ്ടുവരാൻ ഇതിലൂടെ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അരവിന്ദ് കെജ്‌രിവാൾ ട്വിറ്ററിൽ കുറിച്ചു. നേരത്തെ ബിഎസ്പി അടക്കമുള്ള പ്രതിപക്ഷ പാർട്ടികളും കേന്ദ്രസർക്കാരിനെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. ആർട്ടിക്കിൾ 370 റദ്ദാക്കണമെന്നാണ് പാർട്ടിയുടെ നിലപാടെന്നും ഇതുമായി ബന്ധപ്പെട്ട ബിൽ പാസ്സാക്കുന്നതിനെ പിന്തുണയ്ക്കുന്നതായും ബിഎസ്പി എം.പി സതീഷ് ചന്ദ്ര മിശ്ര രാജ്യസഭയിൽ വ്യക്തമാക്കിയിരുന്നു. ബിജെഡി, ടിആർഎസ്, വൈഎസ്ആർ കോൺഗ്രസ് തുടങ്ങിയ പാർട്ടികളും ഇക്കാര്യത്തിൽ സർക്കാരിന് പിന്തുണയറിയിച്ച് രംഗത്തു വന്നിട്ടുണ്ട്.
We support the govt on its decisions on J & K. We hope this will bring peace and development in the state.
— Arvind Kejriwal (@ArvindKejriwal) August 5, 2019
കാശ്മീരിന് പ്രത്യേക അധികാരം നൽകുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയതായി ആഭ്യന്തരമന്ത്രി അമിത്ഷായാണ് ഇന്ന് രാവിലെ രാജ്യസഭയിൽ പ്രഖ്യാപിച്ചത്. ഇന്ന് രാവിലെ പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന അടിയന്തര മന്ത്രിസഭാ യോഗത്തിലാണ് ഈ നിർണായക തീരുമാനമുണ്ടായത്. ആർട്ടിക്കിൾ 370 റദ്ദാക്കാനുള്ള വിജ്ഞാപനത്തിൽ രാഷ്ട്രപതി ഒപ്പ് വെയ്ക്കുകയും ചെയ്തിരുന്നു. അതേ സമയം രാജ്യസഭയിൽ ഇതു സംബന്ധിച്ച് അമിത് ഷാ സംസാരിക്കാൻ തുടങ്ങിയപ്പോൾ തന്നെ പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. കാശ്മീരിലെ സാഹചര്യങ്ങളാണ് ആദ്യം ചർച്ച ചെയ്യേണ്ടതെന്ന് ഗുലാം നബി ആസാദ് ആവശ്യപ്പെട്ടു.
ഇതിനിടെ രാജ്യസഭയിൽ പിഡിപി എംപിമാർ ഭരണഘടന കീറിയെറിഞ്ഞ് പ്രതിഷേധിക്കുകയും ചെയ്തു.പിഡിപിയുടെ രാജ്യസഭാ എം.പിമാരായ നസീർ അഹമ്മദും മുഹമ്മദ് ഫയാസുമാണ് ഭരണഘടന കീറിയെറിഞ്ഞത്. തുടർന്ന് സുരക്ഷ ഉദ്യോഗസ്ഥരെ ഉപയോഗിച്ച് ഈ എം.പി മാരെ സഭയിൽ നിന്ന് നീക്കി. ഭരണഘടന കീറിയെറിഞ്ഞതിന് പിഡിപി എംപിമാരെ രാജ്യസഭയിൽ നിന്ന് സസ്‌പെൻഡ് ചെയ്തിട്ടുണ്ട്. വിഭജന കാലത്ത് ഇന്ത്യക്കൊപ്പം നിൽക്കാൻ തീരുമാനിച്ചത് കശ്മീരിന് ഇപ്പോൾ തിരിച്ചടിയായെന്ന് പിഡിപി അധ്യക്ഷയും മുൻ ജമ്മുകാശ്മീർ മുഖ്യമന്ത്രിയുമായ മെഹബൂബ മുഫ്തി ആരോപിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here