കാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ ഇന്ത്യയുടെ തീരുമാനത്തിനെതിരെ ഐക്യരാഷ്ട്ര സഭയെ സമീപിക്കുമെന്ന് പാകിസ്ഥാന്‍

കാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ ഇന്ത്യയുടെ തീരുമാനത്തിനെതിരെ ഐക്യരാഷ്ട്ര സഭയെ സമീപിക്കുമെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. ബിജെപിയുടെ വംശീയ ഭരണകൂടത്തിന് കീഴില്‍ ഇന്ത്യയിലെ മുസ്ലിം ജനത ഏത് തരത്തിലാണ് പരിഗണിക്കപ്പെടുന്നതെന്ന് അന്താരാഷ്ട്ര സമൂഹത്തെ ബോധ്യപ്പെടുത്തുമെന്നും പാക് പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനത്തില്‍ ഇമ്രാന്‍ പറഞ്ഞു.
അതേസമയം, ഇന്ത്യക്കെതിരെ ചൈന രംഗത്തെത്തിയപ്പോള്‍ യുഎഇ ഇന്ത്യന്‍ തീരുമാനത്തെ അനുകൂലിച്ചു. രാജ്യത്തെ മുസ്ലിം ജനതയെ രണ്ടാം തരം പൗരന്‍മാരായി മാത്രം പരിഗണിണിച്ചാല്‍ മതിയെന്ന ഗോള്‍വാള്‍ക്കര്‍ പ്രത്യയശാസ്ത്രമാണ് ബിജെപി ഇന്ത്യയില്‍ നടപ്പിലാക്കുന്നതെന്ന് ഇമ്രാന്‍ ഖാന്‍ പറഞ്ഞു. ഇന്ത്യയില്‍ ഇപ്പോള്‍ എല്ലാവരും തുല്യ പൗരന്‍മാരല്ല. വിഭജിക്കപ്പെടാത്ത ഇന്ത്യയില്‍ ഹിന്ദു ഭൂരിപക്ഷം മുസ്ലിം ജനതയെ തടവിലാക്കുമെന്ന് മുന്‍കൂട്ടി കണ്ട മുഹമ്മദാലി ജിന്നയെ അഭിവാദ്യം ചെയ്യുന്നുവെന്നും ഇമ്രാന്‍ ഖാന്‍ പാക് പാര്‍ലമെന്റില്‍ പറഞ്ഞു.
കശ്മീരിലെ ഭൂമിശാസ്ത്രപരമായ മാറ്റങ്ങള്‍ക്കൊപ്പം വംശീയമായ തുടച്ചുനീക്കലിനാണ് മോദി സര്‍ക്കാര്‍ ശ്രമിക്കുന്നത്. ജനീവ കണ്‍വന്‍ഷനിലെ ധാരണക്കും ഇന്ത്യന്‍ ഭരണഘടനക്ക് തന്നെയും വിരുദ്ധമായ കാര്യമാണിത്. തീരുമാനം പ്രതികാരം ചെയ്യണമെന്ന തോന്നല്‍ കാശ്മീരികളിലുണ്ടാക്കും. ക്രൂരമായ അധികാര പ്രയോഗത്തിലൂടെ അവകാശങ്ങള്‍ തിരിച്ചെടുക്കുന്നത് എരിതീയില്‍ എണ്ണയൊഴിക്കുന്നതിന് മാത്രമാണ് ഉപകരിക്കുകയെന്നും ഇമ്രാന്‍ ഖാന്‍ ആരോപിച്ചു.
അതേസമയം ഇന്ത്യയുടെ നടപടിക്കെതിരെ ചൈന രംഗത്തെത്തി. കടുത്ത ആശങ്ക ഉയര്‍ത്തുന്നതാണ് തീരുമാനമെന്ന് ചൈന പറഞ്ഞു. എന്നാല്‍ കാശ്മീര്‍ തങ്ങളുടെ ആഭ്യന്തരകാര്യമാണെന്നായിരുന്നു ഇന്ത്യയുടെ പ്രതികരണം. കാശ്മീരില്‍ ഇന്ത്യ സ്വീകരിച്ച നിലപാടിനെ അനുകൂലിച്ച് യുഎഇ രംഗത്തെത്തി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here