പിഎസ്‌സി ചെയർമാനും അംഗങ്ങളും സംശയ നിഴലിലാണെന്നും പൊലീസ് അന്വേഷിച്ചിട്ട് ഒരു കാര്യവുമില്ലെന്നും ചെന്നിത്തല

പിഎസ്‌സി പരീക്ഷാ ക്രമക്കേടിൽ പിഎസ്‌സി അംഗങ്ങൾക്കും പങ്കുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പിഎസ്‌സി ചെയർമാനും സംശയനിഴലിലാണെന്നും ക്രമക്കേട് സംബന്ധിച്ച പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾ സത്യമാണെന്ന് തെളിയിക്കുന്നതാണ് പിഎസ്‌സി ആഭ്യന്തര വിജിലൻസ് കണ്ടെത്തലെന്നും ചെന്നിത്തല പറഞ്ഞു. പിഎസ്‌സിയെ പ്രതിരോധിക്കാൻ ശ്രമിച്ച മുഖ്യമന്ത്രിയുടെ കീഴിലുള്ള പൊലീസ് ഇതേപ്പറ്റി അന്വേഷിച്ചിട്ട് ഒരു കാര്യവുമില്ല.
കുറ്റക്കാരെ സ്വീകരിക്കുന്ന നിലപാടാണ് പൊലീസ് സ്വീകരിക്കുകയെന്ന് ഉറപ്പാണ്. ഇതേപ്പറ്റി സിബിഐ അന്വേഷണമാണ് നടത്തേണ്ടത്. മുഖ്യമന്ത്രി എന്തിനാണ് സിബിഐ അന്വേഷണത്തെ ഭയക്കുന്നതെന്നും ചെന്നിത്തല ചോദിച്ചു. പരീക്ഷകൾ അട്ടിമറിക്കപ്പെടുന്നുവെന്ന് പി എസ് സി തന്നെ സമ്മതിച്ചിരിക്കുകയാണ്. വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിക്കും ഇതിൽ പങ്കുണ്ട്. പിഎസ്‌സിയെ പ്രതിരോധിക്കാൻ മുഖ്യമന്ത്രി നടത്തിയ ശ്രമങ്ങൾ ബാലിശമാണ്. പിഎസ്‌സിയുടെ വിശ്വാസ്യതയ്‌ക്കൊപ്പം മുഖ്യമന്ത്രിയുടെ വിശ്വാസ്യതയും ഇതിലൂടെ ചോദ്യം ചെയ്യപ്പെട്ടിരിക്കുകയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
പൊലീസ് കോൺസ്റ്റബിൾ പരീക്ഷയിൽ ഒന്നും രണ്ടും റാങ്ക് നേടിയ ശിവ രഞ്ജിത്തിന്റേയും പ്രണവിന്റേയും ഫോണിൽ പരീക്ഷാ സമയത്ത് 90 എസ്എംഎസുകൾ വന്നിരുന്നതായി പിഎസ്‌സി ആഭ്യന്തര വിജിലൻസ് അന്വേഷണത്തിൽ നേരത്തെ കണ്ടെത്തിയിരുന്നു. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിൽ എസ്എഫ്‌ഐ നേതാക്കളും പ്രവർത്തകരും തമ്മിലുള്ള സംഘർഷത്തിനിടെ എസ്എഫ്‌ഐ പ്രവർത്തകൻ അഖിലിനെ കുത്തിയ കേസിലെ ഒന്നാം പ്രതിയാണ് റാങ്ക് ലിസ്റ്റിലെ ഒന്നാം റാങ്കുകാരനായ ശിവരഞ്ജിത്ത്. രണ്ടാം പ്രതി നസീം 28ാം റാങ്കുകാരനുമാണ്.
Read Also; പിഎസ്‌സി പരീക്ഷയിൽ ക്രമക്കേട്; എസ്എഫ്‌ഐ നേതാവ് പ്രണവ് ഒളിവിൽ
യൂണിവേഴ്‌സിറ്റി കോളേജ് സംഭവത്തോടെയാണ് പിഎസ്‌സി റാങ്ക് പട്ടികയെപ്പറ്റി വ്യാപകമായ ആക്ഷേപമുയർന്നത്. ആദ്യം പിഎസ്‌സി ആരോപണങ്ങൾ നിഷേധിച്ചിരുന്നെങ്കിലും പ്രതികളുടെ ഫോണിലേക്ക് പരീക്ഷാ സമയത്ത് സന്ദേശങ്ങളെത്തിയെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ യൂണിവേഴ്‌സിറ്റി കോളേജിലെ കത്തിക്കുത്ത് കേസ് പ്രതികളെ റാങ്ക് ലിസ്റ്റിൽ നിന്നും പുറത്താക്കിയിരുന്നു. ഇവരെ പിഎസ്‌സി പരീക്ഷകൾ എഴുതുന്നതിൽ നിന്ന് സ്ഥിരമായി വിലക്കിയിട്ടുമുണ്ട്. അതേ സമയം പിഎസ്‌സി പരീക്ഷാ ക്രമക്കേടിനെപ്പറ്റിയുള്ള അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയേക്കുമെന്നാണ് വിവരം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here