പെരിയ ഇരട്ടക്കൊലപാതകം; മൂന്ന് പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

പെരിയ ഇരട്ടക്കൊലപാതക കേസിലെ മൂന്ന് പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ഒന്‍പതാം പ്രതി മുരളി, പത്താം പ്രതി രഞ്ജിത് പതിനൊന്നാം പ്രതി പ്രദീപ് എന്നിവരുടെ ജാമ്യാപേക്ഷ ആണ് തള്ളിയത്. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും പ്രതികള്‍ക്ക് ജാമ്യം നല്‍കുന്നത് അന്വേഷണത്തെ ബാധിക്കുമെന്നും സര്‍ക്കാര്‍ ബോധിപ്പിച്ചു.
പ്രതികള്‍ക്ക് കേസിലെ പ്രാധാന പ്രതിയായ പീതാംബരനുമായി അടുത്ത ബന്ധമുണ്ട്. പ്രതികള്‍ പുറത്തിറങ്ങിയാല്‍ ക്രമസമാധാന പ്രശ്‌നം ഉണ്ടാകും. ജാമ്യം അനുവദിക്കുന്നത് പ്രതികള്‍ക്കും ഭീഷണിയാണെന്ന സര്‍ക്കാര്‍ വാദം കൂടി കണക്കിലെടുത്താണ് കോടതി നടപടി.
ഇക്കഴിഞ്ഞ ഫെബ്രുവരി 17 നായിരുന്നു നാടിനെ നടുക്കിയ ഇരട്ടക്കൊലപാതകം അരങ്ങേറിയത്. സിപിഎം ഏരിയാ സെക്രട്ടറി ഉള്‍പ്പെടെ 14 പേരാണ് പ്രതിപ്പട്ടികയില്‍ ഉള്ളത്. ലോക്കല്‍ കമ്മിറ്റി അംഗമായ പീതാംബരനാണ് കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പാക്കിയതെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍.
Read more: പെരിയ ഇരട്ടക്കൊലപാതകം; ഇന്ന് കുറ്റപത്രം സമർപ്പിക്കും
സിപിഎം ഏരിയാ കമ്മിറ്റി അംഗമായിരുന്ന ഏച്ചിലടുക്കത്തെ എ.പീതാംബരന്‍, സി.ജെ.സജി (സജി ജോര്‍ജ്), കെ.എം.സുരേഷ്, കെ.അനില്‍കുമാര്‍, എ.അശ്വിന്‍, ആര്‍.ശ്രീരാഗ്, ജി.ഗിജിന്‍ എന്നിവരെ ലോക്കല്‍ പൊലീസ് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. ഇക്കഴിഞ്ഞ ഏപ്രില്‍ അവസാനം കേസിലെ പതിനൊന്നാം പ്രതി പ്രദീപന്‍ (38), മണി (32), എന്നിവര്‍ അറസ്റ്റിലായിരുന്നു. എട്ടാം പ്രതി സുബീഷ് ഗള്‍ഫിലേക്ക് കടന്നതായാണ് ക്രൈംബ്രാഞ്ച് സംഘം പറയുന്നത്. അറസ്റ്റിലായവരില്‍ കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തവരും, പ്രതികള്‍ക്ക് സഹായം ചെയ്തവരും ഉള്‍പ്പെടും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here