സിസ്റ്റർ ലൂസി കളപ്പുരയ്ക്കലിനെ സഭയിൽ നിന്ന് പുറത്താക്കി; കത്തിന്റെ പകർപ്പ് ട്വന്റിഫോറിന്

സിസ്റ്റർ ലൂസി കളപ്പുരയ്ക്കലിനെ സഭയിൽ നിന്ന് പുറത്താക്കി. മെയ് 11ന് പുറത്താക്കിയെന്നാണ് വിശദീകരണം. സിസ്റ്ററിനോട് സ്വമേധയാ പുറത്ത് പോകണമെന്നായിരുന്നു എഫ്‌സിസി നൽകിയ കത്തിലെ നിർദ്ദേശം.
സ്വമേധയാ പുറത്തുപോകാൻ തയ്യാറല്ലെങ്കിൽ സഭയിൽ നിന്നും പുറത്താക്കുമെന്നും, അങ്ങനെയെങ്കിൽ ഇത്ര നാൾ സേവനം അനുഷ്ഠിച്ചതിന്റെ ആനുകൂല്യങ്ങൾ ലഭിക്കില്ലെന്നും എഫ്‌സിസിയുടെ കത്തിൽ പറയുന്നു. കത്തിന്റെ പകർപ്പ് ട്വന്റിഫോറിന് ലഭിച്ചു.
അതേസമയം, നടപടി സഭയിലെ തെറ്റ് ചൂണ്ടിക്കാട്ടിയതിനെതിരെയാണെന്നും നടപടിയെ നിയമപരമായി നേരിടുമെന്ന് ലൂസി ട്വന്റിഫോറിനോട് പറഞ്ഞു.
കന്യാസ്ത്രീ പീഡനക്കേസുമായി ബന്ധപ്പെട്ട് ഫ്രാങ്കോ മുളയ്ക്കലിനെതിരെ സമരം ചെയ്തതിന്റെ പേരിൽ ഇതിന് മുമ്പും സിസ്റ്റർ ലൂസി കളപ്പുരയ്ക്കലിനെതിരെ സഭയിൽ നിന്നും പ്രതികാര നടപടികൾ ഉണ്ടായിട്ടുണ്ട്. ട്വന്റിഫോറായിരുന്നു ഇക്കാര്യം ആദ്യം പുറത്തുവിട്ടത്. സഭ നിർദ്ദേശ പ്രകാരം കൂടെ പ്രവർത്തിക്കുന്ന കന്യാസ്ത്രീകൾ പോലും തന്നോട് സഹകരിക്കുന്നില്ലെന്ന് സിസ്റ്റർ ലൂസി അന്ന് ട്വന്റിഫോറിനോട് പറഞ്ഞിരുന്നു. തന്നെ സഭയിൽ നിന്ന് പുറത്താക്കി എന്ന രീതിയിലാണ് സഭയ്ക്കകത്ത് ചർച്ചകൾ നടക്കുന്നത്. ഇടവക പ്രവർത്തനങ്ങളിൽ നിന്നും വേദപാഠ ക്ലാസുകളിൽ നിന്ന് മാറ്റി നിർത്തിയതായും വൈദികമേലധ്യക്ഷന്മാർ പല പ്രസംഗങ്ങളിലും തന്നെ വിമർശിച്ച് അപകീർത്തിപ്പെടുത്തുന്നതായും സിസ്റ്റർ ലൂസി കളപ്പുരക്കൽ പറഞ്ഞിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here