സിസ്റ്റര്‍ ലൂസി കളപ്പുരക്കലിനെതിരെ വീണ്ടും സഭ നേതൃത്വത്തിന്റെ പ്രതികാരനടപടി ; ട്വന്റി ഫോര്‍ എക്സ്‌ക്ലൂസീവ്

ഫ്രാങ്കോ മുളക്കലിനെതിരെ സമരം ചെയ്തതിന്റെ പേരിൽ സഭ നടപടികൾ നേരിടുന്ന സിസ്റ്റർ ലൂസി കളപ്പുരക്കലിനെതിരെ വീണ്ടും സഭ നേതൃത്വത്തിന്റെ പ്രതികാരനടപടി. സഭ നിർദ്ദേശ പ്രകാരം കൂടെ പ്രവർത്തിക്കുന്ന കന്യാസ്ത്രീകൾ പോലും തന്നോട് സഹകരിക്കുന്നില്ലെന്ന് സിസ്റ്റർ ലൂസി ട്വന്റിഫോറിനോട് പറഞ്ഞു. തന്നെ സഭയിൽ നിന്ന് പുറത്താക്കി എന്ന രീതിയിലാണ് സഭയ്ക്കകത്ത് ചർച്ചകൾ നടക്കുന്നത്. ഇടവക പ്രവർത്തനങ്ങളിൽ നിന്നും വേദപാഠ ക്ലാസുകളിൽ നിന്ന് മാറ്റി നിർത്തിയതായും വൈദികമേലധ്യക്ഷന്മാർ പല പ്രസംഗങ്ങളിലും തന്നെ വിമർശിച്ച് അപകീർത്തിപ്പെടുത്തുന്നതായും സിസ്റ്റർ ലൂസി കളപ്പുരക്കൽ പറഞ്ഞു.

കഴിഞ്ഞ കുറച്ചു നാളുകളായി സഭയിൽ എന്തു നടക്കുന്നു എന്നത് തന്നെ അറിയിക്കാറില്ലെന്ന് ലൂസി പറയുന്നു. വലിയൊരു ഒറ്റപ്പെടലാണ് അനുഭവിക്കുന്നത്. താൻ ജോലി ചെയ്യുന്ന ഇടവകയിൽ നിന്നും ഉൾപ്പെടെയാണ് ഒറ്റപ്പെടൽ നേരിടുന്നത്. ആരും തന്നോട് സഹകരിക്കുന്നില്ല. മൂന്ന് വേദപാഠ ക്ലാസുകൾ കൂടി തനിക്ക് എടുത്ത് തീർക്കാൻ ഉണ്ടായിരുന്നു. എന്നാൽ അതിന് മുൻപ് തന്നെ തനിക്ക് അതിൽ നിന്നും മാറേണ്ടതായി വന്നു. മതാധ്യാപകരിൽ നിന്നും നിരന്തരം ബുദ്ധിമുട്ടുകൾ നേരിട്ടു. ലീവ് എടുത്ത് മാറി നിൽക്കാൻ നിർബന്ധിതയാകുകയായിരുന്നു. ഇടവക പ്രവർത്തനങ്ങളിലേക്ക് പഴയ ഉണർവോടെ പോകാൻ തനിക്ക് സാധിക്കുന്നില്ല. പ്രസംഗങ്ങളിൽ വൈദികർ കടുത്ത വിമർശനമാണ് തനിക്കെതിരെ ഉന്നയിക്കുന്നതെന്നും സിസ്റ്റർ ലൂസി പറഞ്ഞു.

ഇതിനോടകം മൂന്ന് തവണയാണ് സഭാ നേതൃത്വം സിസ്റ്റർ ലൂസി കളപ്പുരക്കലിനോട് വിശദീകരണം തേടിയത്. മൂന്ന് തവണയും സിസ്റ്റർ മറുപടി നൽകുകയും ചെയ്തു. വിശദീകരണം തൃപ്തികരമല്ലെന്നാണ് സഭാ നേതൃത്വം പറയുന്നത്. ലൂസി നൽകിയ വിശദീകരണത്തിൽ സഭ നേതൃത്വം കടുത്ത നടപടികളിലേക്ക് കടക്കുന്നതായാണ് വിവരം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top