Advertisement

നിലത്തേക്കമർത്തി കഴുത്തിൽ കാൽമുട്ടുകൊണ്ട് കുത്തിപ്പിടിച്ചു; അമേരിക്കൻ പൊലീസിൻ്റെ അതിക്രമത്തിൽ ഒരു കറുത്ത വർഗക്കാരനു കൂടി ജീവൻ നഷ്ടമായി

April 26, 2024
Google News 4 minutes Read
Black Man Dies US Police Kneel On Neck

അമേരിക്കൻ പൊലീസിൻ്റെ അതിക്രമത്തിൽ ഒരു കറുത്ത വർഗക്കാരനു കൂടി ജീവൻ നഷ്ടമായി. 53കാരനായ ഫ്രാങ്ക് ടൈസൺ എന്നയാളാണ് പൊലീസ് അതിക്രമത്തിൽ മരിച്ചത്. 2020ൽ പൊലീസ് അതിക്രമത്തിൽ കൊല്ലപ്പെട്ട ജോർജ് ഫ്ലോയ്ഡിൻ്റെ മരണത്തിനു സമാനമായ രീതിയിലാണ് ടൈസണിൻ്റെയും മരണം.

ബോഡി കാം ഫുട്ടേജിലാണ് ഞെട്ടിക്കുന്ന ദൃശ്യങ്ങളുള്ളത്. ഏപ്രിൽ 18ന് ഒരു കാർ അപകടം നടന്നയിടത്തുനിന്ന് സ്ഥലം വിട്ടു എന്നാരോപിച്ചാണ് ഫ്രാങ്ക് ടൈസണെ പൊലീസ് തേടിയെത്തുന്നത്. ബാറിൽ നിൽക്കുകയായിരുന്ന ടൈസണരികിലേക്ക് പൊലീസ് എത്തുന്നതാണ് വിഡിയോയുടെ തുടക്കം. തുടർന്ന് ഇയാളും പൊലീസുമായി തർക്കമുണ്ടാവുന്നു. ബലം പ്രയോഗിച്ച് കസ്റ്റഡിയിലെടുക്കാൻ പൊലീസ് ശ്രമിക്കുമ്പോൾ ടൈസൺ പ്രതിരോധിക്കുന്നുണ്ട്. ‘ഇവരെന്നെ കൊല്ലാൻ ശ്രമിക്കുന്നു’ എന്ന് ടൈസൺ പറയുന്നതും കേൾക്കാം. പൊലീസ് ഉദ്യോഗസ്ഥർ ഇയാളെ കീഴടക്കി നിലത്തേക്കിട്ട് കയ്യിൽ വിലങ്ങുവെക്കുന്നു. ടൈസണിൻ്റെ കഴുത്തിനു പിന്നിൽ ഒരു പൊലീസ് ഉദ്യോഗസ്ഥൻ കാൽമുട്ട് അമർത്തിപ്പിടിച്ചിരിക്കുന്നത് വിഡിയോയിൽ കാണാം. ‘ശ്വാസം മുട്ടുന്നു, കാലെടുക്കൂ’ എന്ന് ടൈസൺ നിലവിളിക്കുമ്പോൾ ‘നിങ്ങൾക്ക് ഒരു പ്രശ്നവുമില്ല, സമാധാനപ്പെടൂ’ എന്നാണ് പൊലീസ് പറയുന്നത്.

ഏതാണ്ട് 30 സെക്കൻഡിനു ശേഷം പൊലീസ് ഉദ്യോഗസ്ഥൻ എഴുന്നേറ്റുനിൽക്കുമ്പോൾ ടൈസൺ അനക്കമില്ലാതെ കിടക്കുകയാണ്. ഇതോടെ പൊലീസുകാർ ടൈസണെ പരിശോധിക്കുന്നു. ‘അയാൾ ശ്വാസം വിടുന്നുണ്ടോ?’, ‘പൾസ് ഉണ്ടോ?’ എന്നൊക്കെ പൊലീസുകാർ ചോദിക്കുന്നുണ്ട്. തുടർന്ന് വിലങ്ങഴിച്ച് പൊലീസുകാർ ഇയാൾക്ക് സിപിആർ നൽകുന്നു. ഇതേ സമയം തന്നെ ആംബുലൻസും അവിടെ എത്തുന്നുണ്ട്. ഇയാളെ ബാറിൽ നിന്ന് സ്ട്രെച്ചറിൽ എടുത്തുകൊണ്ടുപോകുന്നതും വിഡിയോയിൽ കാണാം. ആശുപത്രിയിലെത്തിച്ച ടൈസൺ അവിടെവച്ച് മരണപ്പെടുകയായിരുന്നു.

ബ്യൂ ഷോനെഗ്ഗ്, കാംഡൺ ബർച് എന്നീ ഓഫീസർമാരാണ് ടൈസണിൻ്റെ മരണത്തിനിടെയാക്കിയത് എന്നാണ് റിപ്പോർട്ടുകൾ. ഇരുവർക്കും നിർബന്ധിത അവധിനൽകിയിരിക്കുകയാണ്. വകുപ്പുതല അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്.

Story Highlights: Black Man Dies US Police Kneel On Neck

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here