Advertisement

ഫ്രാങ്കോ മുളയ്ക്കലിനെതിരായ ബലാത്സംഗ കേസ്; വിധി നാളെ

January 13, 2022
Google News 1 minute Read

ഫ്രാങ്കോ മുളയ്ക്കൽ കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിൽ കോട്ടയം അഡീഷണൽ സെഷൻസ് കോടതി നാളെ വിധി പറയും. ബലാൽസംഗം ഉൾപ്പെടെ ഏഴ് വകുപ്പുകളാണ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ചുമത്തിയിട്ടുള്ളത്.

മിഷനറീസ് ഓഫ് ജീസസിൻ്റെ കുറവിലങ്ങാട്ടെ മഠത്തിൽ 2014 മുതൽ 2016 വരെ കാലയളവിൽ ജലന്തർ രൂപതാ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ പല തവണ പീഡിപ്പിച്ചെന്നാണ് കന്യാസ്ത്രീയുടെ പരാതി. 2018 ജൂൺ 29ന് പൊലീസ് കേസെടുത്തു. വൈക്കം ഡിവൈഎസ്പി കെ സുഭാഷിനായിരുന്നു അന്വേഷണ ചുമതല. എന്നാൽ കേസെടുത്തിട്ടും ബിഷപ്പിനെ അറസ്റ്റ് ചെയ്യാൻ പൊലീസ് തയ്യാറായില്ല. ഇത് ചോദ്യം ചെയ്ത പരാതിക്കാരുടെ സഹപ്രവർത്തകരായ കന്യാസ്ത്രീകൾ ഹൈക്കോടതി ജംഗ്ഷനിൽ സമരം ആരംഭിച്ചതോടെ സർക്കാർ പ്രതിരോധത്തിലായി.

ഒടുവിൽ സെപ്റ്റംബർ 21ന് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്തു. 25 ദിവസത്തിനുശേഷം ഒക്ടോബർ 15ന് ഹൈക്കോടതി ബിഷപ്പിന് ജാമ്യം അനുവദിച്ചു. പുറത്തിറങ്ങിയ ഫ്രാങ്കോ മുളയ്ക്കൽ കേസിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചെങ്കിലും അംഗീകരിച്ചില്ല. ഇതോടെ കുരുക്ക് മുറുകി. 2019 ഏപ്രിൽ നാലിനാണ് കുറ്റപത്രം സമർപ്പിച്ചത്. 2020 സെപ്റ്റംബറിൽ വിചാരണ തുടങ്ങി.

കേസിലെ 84 സാക്ഷികളിൽ 39 പേരെ വിസ്തരിച്ചു. മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി, രണ്ട് ബിഷപ്പുമാർ, 11 വൈദികർ, 25 കന്യാസ്ത്രീകൾ എന്നിവർ ഉൾപ്പെട്ടതായിരുന്നു സാക്ഷിപ്പട്ടിക. പ്രോസിക്യൂഷൻ 122 രേഖകൾ കോടതിയിൽ ഹാജരാക്കി. പ്രതിഭാഗം 6 സാക്ഷികളെ വിസ്തരിച്ചു. കോടതി നടപടികൾ റിപ്പോർട്ട് ചെയ്യാൻ മാധ്യമങ്ങൾക്ക് അനുമതി ഉണ്ടായിരുന്നില്ല. ഈ മാസം പത്തിനാണ് വിചാരണ പൂർത്തിയായത്.

Story Highlights : rape-case-against-franco-judgment-tomorrow

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here