Advertisement

അച്ഛനു വേണ്ടി പ്രചാരണത്തിനിറങ്ങി; നിർമ്മാതാക്കൾ തന്റെ സിനിമ മനപൂർവ്വം വൈകിപ്പിക്കുന്നുവെന്ന് ഗോകുൽ സുരേഷ്

August 8, 2019
Google News 1 minute Read

ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയായിരുന്ന സുരേഷ് ഗോപിക്കു വേണ്ടി പ്രചാരണത്തിനിറങ്ങിയതിനാൽ തൻ്റെ സിനിമ നിർമ്മാതാക്കൾ മനപൂർവം വൈകിപ്പിക്കുന്നുവെന്ന് നടനും സുരേഷ് ഗോപിയുടെ മകനുമായ ഗോകുൽ സുരേഷ്. ‘സായാഹ്ന വാർത്തകൾ’ എന്ന സിനിമയുടെ നിർമാതാക്കൾക്കെതിരെയാണ് ഗോകുലിൻ്റെ ആരോപണം. ടൈംസ് ഓഫ് ഇന്ത്യക്ക് അനുവദിച്ച അഭിമുഖത്തിലാണ് ഗോകുൽ മനസ്സു തുറന്നത്.

ഞാന്‍ ബിജെപി ക്കാരനല്ല. എന്നാല്‍ എന്റെ അച്ഛന് വേണ്ടി ഞാന്‍ തിരഞ്ഞെടുപ്പ് പ്രചരണം നടത്തിയിരുന്നു. അച്ഛന് പതിനെട്ട് ദിവസമാണ് പ്രചരണം നടത്തിയത്. അതില്‍ ആറ് ദിവസം മാത്രമാണ് ഞാന്‍ പങ്കെടുത്തത്. ഒരു മകന്‍ എന്ന നിലയില്‍ അതില്‍ കുറഞ്ഞതൊന്നും എനിക്ക് ചെയ്യാനാവില്ല. എന്നാല്‍ ഇത് കൊണ്ട് വനിര്‍മാതാക്കള്‍ അറിഞ്ഞ് കൊണ്ട് അവരുടെ പ്രോജക്ട് നീട്ടി കൊണ്ട് പോവുകയാണെന്ന് ഗോകുൽ പറയുന്നു.

ഈ ചിത്രത്തിലെ തന്റെ ലുക്കിന്റെ പൂര്‍ണതയ്ക്ക് വേണ്ടി മറ്റ് ചിത്രങ്ങളൊന്നും ഏറ്റെടുത്തില്ല. എന്നാല്‍ നിര്‍മാതാക്കള്‍ ഈ ചിത്രം പാതി വഴിയില്‍ ഉപേക്ഷിച്ച് മറ്റ് സിനിമകള്‍ പൂര്‍ത്തിയാക്കാനുള്ള തയ്യാറെടുപ്പിലാണെന്നും ഗോകുല്‍ പറയുന്നു. അവരുടെ നീക്കങ്ങള്‍ തനിക്കെതിരെയാണെന്ന് സൂചനകള്‍ നല്‍കാതെ വളരെ സൂക്ഷ്മമായാണ് നിര്‍മാതാക്കളുടെ പ്രവര്‍ത്തനം എന്നാണ് താരം പറയുന്നു.

രാഷ്ട്രീയ പരിഹാസ ചിത്രമായിട്ടാണ് സായഹ്നാ വാര്‍ത്തകള്‍ ഒരുക്കുന്നത്. കേന്ദ്രം ഭരിക്കുന്നത് ബിജെപി ആയതിനാല്‍ ചിത്രം പരിഹസിക്കുന്നത് അവരെ തന്നെയാണ്. എന്നാല്‍ എന്റെ അച്ഛന്‍ ബിജെപിക്കാരനായിട്ടും പാര്‍ട്ടിയെ കളിയാക്കിയിട്ടും ഈ ചിത്രത്തിന്റെ ഭാഗമാകാനുള്ള മനസ് ഞാന്‍ കാണിച്ചു. ഇപ്പോഴും ഇതുമായി മുന്നോട്ട് പോകാനാണ് എന്റെ തീരുമാനം. അതേ പോലെ നിര്‍മാതാക്കളും പ്രൊഫഷണലായി പെരുമാറണം. എന്നാല്‍ അവര്‍ എന്നെ അപകീര്‍ത്തിപ്പെടുത്തുകയാണ്. ഞാന്‍ പ്രൊഫഷണല്‍ അല്ലെന്ന് വരുത്തി തീര്‍ക്കാനാണ് അവരുടെ ശ്രമം. ചിത്രം പൂര്‍ത്തിയാക്കി തിയറ്ററില്‍ എത്തിക്കുന്നതിന് പകരം മറ്റ് പല കാര്യങ്ങളിലാണ് അവരുടെ ശ്രദ്ധ.

താന്‍ ഷൂട്ടിംഗിന് സഹകരിക്കുന്നില്ലെന്നാരോപിച്ച് നിര്‍മാതാക്കള്‍ തനിക്കെതിരെ ഫിലിം പ്രൊഡ്യൂസേഴ്‌സ് ഓഫ് കേരളയ്ക്ക് പരാതി നല്‍കിയെന്നും ഗോകുല്‍ പറയുന്നു. തന്റെ അച്ഛനുമായി ബന്ധപ്പെട്ട് കൊല്‍ക്കത്തയില്‍ ഷൂട്ട് ചെയ്യാനുള്ള അനുവാദം വരെ വാങ്ങി നല്‍കിയെന്നും അത് താന്‍ സമര്‍പ്പിച്ച് തന്റെ ഭാഗത്ത് തെറ്റില്ലെന്ന് തെളിയിക്കുകയായിരുന്നു എന്നുമാണ് ഗോകുല്‍ വാദിക്കുന്നത്.

ഫിലിം പ്രൊഡ്യൂസേഴ്‌സുമായിട്ടുള്ള ചര്‍ച്ചകള്‍ക്ക് ശേഷം ഈ മാസം പതിനാറിന് ബാക്കിയുള്ള മൂന്ന് ദിവസത്തെ ഷൂട്ടിംഗ് കൊല്‍ക്കത്തയില്‍ നിന്നും ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്. സെപ്റ്റംബര്‍ ഒക്ടോബറോട് കൂടി ഈ സിനിമ തിയറ്ററുകളിലേക്ക് എത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഗോകുൽ പറയുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here