പ്രളയക്കെടുത്തി; പൂർണ സജ്ജരായി പൊലീസ്; സഹായമഭ്യർത്ഥിച്ച് 112 ൽ വിളിക്കാം

കാലവർഷക്കെടുതിയിൽ പൂർണ സജ്ജരായി പൊലീസ്. വെള്ളക്കെട്ടിൽപെട്ടവർക്ക് സഹായം അഭ്യർത്ഥിച്ച് സംസ്ഥാന പൊലീസ് ആസ്ഥാനത്ത് പ്രവർത്തിക്കുന്ന 112 എന്ന നമ്പറിലേയ്ക്ക് വിളിക്കാവുന്നതാണെന്ന് പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു.
24 മണിക്കൂറും പ്രവർത്തിക്കുന്ന സ്റ്റേറ്റ് എമർജൻസി റെസ്‌പോൺസ് സെന്ററിൽ ലഭിക്കുന്ന ഓരോ സന്ദേശവും എവിടെ നിന്നാണെന്ന് വളരെ കൃത്യമായി മനസ്സിലാക്കാനാകും. ഈ സംവിധാനം എല്ലാ കൺട്രോൾ റൂം വാഹനങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ളതിനാൽ വിളിക്കുന്ന ആളുടെ സമീപപ്രദേശത്തുള്ള വാഹനം ഉടൻ തന്നെ സ്ഥലത്തെത്തും. ഇതുവഴി എത്രയും പെട്ടെന്ന് രക്ഷാപ്രവർത്തകരെ സ്ഥലത്തേയ്ക്ക് എത്തിക്കാനും കഴിയും. ഈ നമ്പറിലേക്ക് എസ്എംഎസ് സന്ദേശങ്ങൾ അയ്ക്കുവാൻ സാധിക്കും. സംസ്ഥാനത്തിന്റെ ഏതു ഭാഗത്തുനിന്നും ഈ നമ്പറിലേക്ക് വിളിച്ച് സഹായം അഭ്യർത്ഥിക്കാവുന്നതാണ്.
‘112 ഇന്ത്യ’ എന്ന മൊബൈൽ ആപ്പ് ഉപയോഗിച്ചും സ്റ്റേറ്റ് എമർജൻസി റെസ്‌പോൺസ് സെന്ററിന്റെ സഹായം തേടാവുന്നതാണ്. ഈ ആപ്പിലെ പാനിക്ക് ബട്ടൺ അമർത്തിയാൽ സ്റ്റേറ്റ് കൺട്രോൾ റൂമിൽ നിന്ന് ആ നമ്പറിലേക്ക് തിരികെ വിളിച്ച് വിവരങ്ങൾ ചോദിച്ചറിഞ്ഞ് സഹായം ലഭ്യമാക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here