03
Dec 2021
Friday
Covid Updates

  ബാലതാരമായി മലയാളത്തിൽ തുടക്കം, ഇന്ന് ‘മഹാനടിയായി’ കീർത്തി സുരേഷ്

  അറുപത്തിയാറാമത് ദേശീയ പുരസ്‌ക്കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ മലയാളത്തിന് അഭിമാനിക്കാൻ ഒരു പിടി പുരസ്‌ക്കാരങ്ങൾ കേരളക്കര സ്വന്തമാക്കി. മികച്ച നടിയായി തെരഞ്ഞെടുത്തിരിക്കുന്നത് കീർത്തി സുരേഷിനെയാണ്.

  മലയാള ചലച്ചിത്ര നിർമ്മാതാവ് സുരേഷ് കുമാറിന്റെയും പഴയകാല ചലച്ചിത്ര നടി മേനകയുടേയും മകളാണ് കീർത്തി സുരേഷ്. 2000 ൽ പൈലറ്റ് എന്ന മലയാള ചിത്രത്തിലൂടെയാണ് വെള്ളിത്തിരയിൽ കീർത്തിയുടെ അരങ്ങേറ്റം. പിന്നീട് 2001ൽ അച്ഛനെയാണെനിക്കിഷ്ടം, 2002ൽ ദിലീപ് ചിത്രമായ കുബേരൻ എന്നീ സിനിമകളിലും ബാലതാരമായി തിളങ്ങി.

  2013ൽ ഗീതാഞ്ജലി എന്ന മോഹൻലാൽ ചിത്രത്തിലൂടെയാണ് കീർത്തി അഭിനേത്രി എന്ന നിലയിൽ ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് 2014ൽ റിങ്ങ് മാസ്റ്ററിലും വേഷമിട്ടു. 2015 ൽ കീർത്തി തമിഴിലേക്ക് ചേക്കേറി. ഇത് എന്ന മായം (തമിഴ്), നേനു സൈലജ ( തെലുങ്ക്), തൊടരി (തമിഴ്), റെമോ (തമിഴ്), ഭൈരവ (തമിഴ്) തുടങ്ങി ഇരുപത്തിയഞ്ചോളം ചിത്രങ്ങളിൽ വേഷമിട്ടു.

  Read Also : ജീവിതത്തിൽ സാവിത്രി ചെയ്ത തെറ്റുകൾ ഞാൻ ആവർത്തിക്കില്ല : കീർത്തി സുരേഷ്

  2018ലാണ് മഹാനടി എന്ന ചിത്രത്തിൽ കീർത്തി സുരേഷ് വേഷമിടുന്നത്. തെലുങ്ക് നടി സാവിത്രിയുടെ ജീവിതകഥയാണ് മഹാനടി. ഏറെ പ്രേക്ഷക പ്രശംസയും നിരൂപക പ്രശംസയും ലഭിച്ച ചിത്രമായിരുന്നു ദുൽഖർ സൽമാൻ-കീർത്തി സുരേഷ് എന്നിവർ കേന്ദ്രകഥാപാത്രത്തിൽ എത്തിയ മഹാനടി.

  ചിത്രം നിരവധി വിവാദങ്ങൾക്കും വഴിവെച്ചിരുന്നു. മഹാനടിക്കെതിരെ ജമിനി ഗണേശന്റെ മകൾ കമല സെൽവരാജ് രംഗത്തെത്തിയിരുന്നു.  തന്റെ അച്ഛനെ മഹാനടിയുടെ അണിയറ പ്രവർത്തകർ മോശമായി ചിത്രീകരിച്ചുവെന്ന് കേട്ടപ്പോൾ ഹൃദയം തകർന്നുവെന്നും ആ കാലഘട്ടത്തിൽ തന്റെ അച്ഛൻ മാത്രമായിരുന്നു ഏറ്റവും വലിയ താരമെന്നും കമല പറഞ്ഞു. സാവിത്രിക്ക് ആദ്യമായി മദ്യം നൽകിയത് തന്റെ അച്ഛനല്ലെന്നും സംവിധായകൻ അത്തരത്തിൽ കാണിച്ചത് തന്നെ ശരിക്കും വേദനിപ്പിച്ചുവെന്നും കമല പറഞ്ഞിരുന്നു.

  Read Also : ‘സാവിത്രിക്ക് ആദ്യമായി മദ്യം നൽകിയത് എന്റെ അച്ഛനല്ല’: കമല സെൽവരാജ്

  സാവിത്രി പ്രാത്പം എന്ന സിനിമ ചെയ്യുന്ന അവസരത്തിൽ താൻ അച്ഛനോടൊപ്പം അവരുടെ വീട്ടിൽ പോയിട്ടുണ്ട്. അന്ന് അവരുടെ ബന്ധുക്കളും കാവൽക്കാരും തങ്ങളെ വീടിനകത്തേക്ക് കയറ്റിവിട്ടില്ലെന്നും അതിന് ശേഷം കമല ആ വീട് കണ്ടിട്ടില്ലെന്നും കമല പറഞ്ഞു.

  അതേസമയം, തെലുങ്ക് നടി സാവിത്രിയുടെ ജീവിതകഥ പറഞ്ഞ മഹാനടിയിൽ അഭിനയിക്കുകയെന്നുവെച്ചാൽ അത്ര എളുപ്പമായിരുന്നില്ലെന്ന് കീർത്തി സുരേഷ് പറഞ്ഞിരുന്നു. സാവിത്രിയുടെ ജീവിതം വളരെ പ്രയാസകരമായിരുന്നെന്നും കീർത്തി പറയുന്നു. ഇതിൽ നിന്നാണ് കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും വില താൻ അറിയുന്നത്. കരിയറിലും ജീവിതത്തിലും ആ നടി ചെയ്ത തെറ്റ് താൻ ആവർത്തിക്കില്ലെന്നും കീർത്തി പറഞ്ഞിരുന്നു.

  പുതുമുഖ നടി എന്ന നിലയിൽ നിരവധി പുരസ്‌ക്കാരങ്ങൾ കരസ്ഥമാക്കിയ നടിയാണ് കീർത്തി സുരേഷ്. ഗീതാഞ്ജലിയിലെ പ്രകടനത്തിന് പുതുമുഖ നടിക്കുള്ള ദക്ഷിണേന്ത്യൻ അന്താരാഷ്ട്ര പുരസ്‌ക്കാരം , മികച്ച രണ്ടാമത്തെ നടിക്കുള്ള വയലാർ ചലച്ചിത്ര പുരസ്‌ക്കാരം എന്നിവ കീർത്തി സുരേഷിനെ തേടിയെത്തിയിരുന്നു.

  ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
  നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
  Top