പ്രളയക്കെടുതി; കോഴിക്കോട് ഒരു മരണം കൂടി

പ്രളയക്കെടുതിയിൽ കോഴിക്കോട് ഒരു മരണം കൂടി. രക്ഷാപ്രവർത്തനത്തിനിടെ മടവൂരിൽ കാണാതായ പടനിലം സ്വദേശി പുഷ്പരാജന്റ (35) മൃതദേഹം കണ്ടെടുത്തു. ഇതോടെ ജില്ലയിൽ ഇന്ന് മാത്രം മരിച്ചവരുടെ എണ്ണം ഏഴായി.
വിലങ്ങാടും കുറ്റ്യാടിയിലുമായി ഉരുൾപ്പൊട്ടലിൽ ആറ് പേർ മരിച്ചു. മലയോര മേഖലകളിൽ കനത്ത മണ്ണിടിച്ചിലും ഉരുൾപൊട്ടലും ഭീതിയുണർത്തുന്നുണ്ട്. ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളിലെല്ലാം വെള്ളം കയറി. പവർ ഹൗസിന് സമീപം ഉരുൾ പൊട്ടിയതിനെ തുടർന്ന് കക്കയം പവർഹൗസിൽ വൈദ്യുതി ഉത്പാദനം നിർത്തിവെച്ചു.
കനത്ത മഴയും ശക്തമായ കാറ്റും ജില്ലയിൽ ഉടനീളം നാശം വിതച്ചു. ഇതോടെ ജില്ലയിലെ നിരവധി പ്രദേശങ്ങളാണ് വെള്ളതിനടിയിലായത്. നഗരപ്രദേശങ്ങൾക്ക് പുറമെ ഗ്രാമ പ്രദേശങ്ങളും മഴയിൽ മുങ്ങി.
ഇരുവഴഞ്ഞി പുഴ, ചാലിയാർ പുഴ, ഓനി പുഴ, കുറ്റയാടി പുഴ തുടങ്ങിയവ കര കവിഞ്ഞു. ഇതോടെ ഈ പുഴകൾക്ക് സമീപമുള്ള പ്രദേശങ്ങളും വെള്ളത്തിൽ മുങ്ങി. പരിശീലനം നേടിയ മൽസ്യ തൊഴിലാളികളുടെ നേത്രത്വത്തിലാണ് മിക്ക ഇടങ്ങളിലും രക്ഷാപ്രവർത്തനം.
ദുരിത ബാധിത മേകളകിൽ നിന്നും ജില്ലയിലെ വിവിധ ക്യാമ്പുകളിലേക്കായി 9000തോളം ആളുകളെയാണ് മാറ്റി പാർപ്പിച്ചത്. കനത്ത മഴ ഇനിയും തുടരുമെന്ന അറിയിപ്പ് നിലനിൽക്കുന്ന സാഹചര്യത്തിൽ കൂടുതൽ ക്യാമ്പുകൾ തുറക്കാനാണ് സാധ്യത.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here