‘അനീഷിനെ വിജയേട്ടൻ പിടിക്കണതാണ് കണ്ടത്’; കൺമുന്നിൽ ഒരു കുടുംബം ഇല്ലാതായ അവസ്ഥ പറഞ്ഞ് ജയൻ; വീഡിയോ

കൺമുന്നിൽ എട്ട് പേരടങ്ങുന്ന കുടുംബം ഇല്ലാതായ അവസ്ഥ…, അത് പറഞ്ഞ് നിർത്തിയപ്പോൾ ജയൻ വിതുമ്പി. കഴിഞ്ഞ ദിവസം മലപ്പുറം കവളപ്പാറയിൽ ഉണ്ടായ ഉരുൾപൊട്ടലിൽ രക്ഷപ്പെട്ടയാളാണ് ഓട്ടോഡ്രൈവറായ ജയൻ. ജയന്റെ സുഹൃത്തുകൂടിയായ അനീഷിന്റെ കുടുംബം ഉൾപ്പെടെയാണ് ഒറ്റയടിക്ക് മണ്ണിനടിയിൽ ആയത്. അതേപറ്റി ജയൻ പറയുന്നത്.
കവളപ്പാറയ്ക്ക് തൊട്ടു പുറകിൽ തൊടുമുട്ടി എന്ന പ്രദേശമുണ്ട്. അവിടെ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്ത ശേഷം ആറേ മുക്കാലോടെ താൻ വീട്ടിലെത്തി. ഏഴ് മണി കഴിഞ്ഞപ്പോൾ സുഹൃത്തിന്റെ അച്ഛൻ വിജയേട്ടൻ വന്നിട്ട് വീട്ടിലെ ചെറിയ കുട്ടിയെ കാണാനില്ലെന്ന് പറഞ്ഞു. അന്വേഷിക്കാൻ പറ്റുമോ എന്ന് ചോദിച്ചു. രക്ഷാപ്രവർത്തനത്തിന് ശേഷം തണുത്ത് മരവിച്ച അവസ്ഥയിലായിരുന്നു. ഞാനും അനീഷും വിജയേട്ടന്റെ വീട്ടിലെത്തി. ശക്തമായ മഴയ്‌ക്കൊപ്പം വെടിപൊട്ടുന്ന ഒരു ശബ്ദം കേട്ടു. അനീഷിനെ വിജയേട്ടൻ പിടിക്കണതാണ് കണ്ടത്. എന്റെ തലയ്ക്ക് പിന്നിൽ ഒരു കല്ലു വന്ന് കൊണ്ടു. 200 മീറ്ററോളം താഴേക്ക് പോയി വീണു. മുകളിലേക്ക് ഒരു വിധത്തിൽ വലിഞ്ഞു കയറി നാൽപതോളം പേർ ഉണ്ടായിരുന്ന ഒരു വീട്ടിലെത്തി. അവിടെ ഉണ്ടായിരുന്നവർ പ്രാഥമിക ചികിത്സ നൽകി. പിറ്റേ ദിവസം രാവിലെയാണ് അപകട വിവരം താൻ അറിയുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here