കണ്ണൂരിൽ തകർന്ന വീട്ടിൽ രക്ഷാപ്രവർത്തനത്തിന് പോയവർ കണ്ടത് മാസങ്ങൾ പഴക്കമുള്ള മൃതദേഹം

തകർന്ന വീടിൽ രക്ഷാപ്രവർത്തനത്തിന് പോയവർ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച. മാസങ്ങൾ പഴക്കമുള്ള സ്ത്രീയുടെ മൃതദേഹമാണ് രക്ഷാപ്രവർത്തകർ കണ്ടെത്തിയത്. കണ്ണൂർ കക്കാട് കോർജാൻ യുപി സ്‌കൂളിനു സമീപം കനത്തമഴയിൽ തകർന്ന വീടിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. കോർജാൻ യുപി സ്‌കൂളിനു സമീപം പ്രഫുൽ നിവാസിൽ താമസിക്കുന്ന രൂപ(70)യെയാണ് മരിച്ചനിലയിൽ കണ്ടത്.
അവശനിലയിലായ മറ്റൊരു സ്ത്രീയും വീട്ടിലുണ്ടായിരുന്നു. കൂടെയുള്ള സഹോദരി പ്രഫുല്ല മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതായി നാട്ടുകാർ പറയുന്നു. ഇവരെ ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി. വെള്ളിയാഴ്ച ആറരയോടെയാണ് ഇവരുടെ ഓടിട്ട വീട് കനത്ത കാറ്റിലും മഴയിലും തകർന്നുവീണത്.
വീട്ടിനുള്ളിൽ ആളുണ്ടെന്ന സംശയത്തിൽ നാട്ടുകാർ ഫയർഫോഴ്‌സിനെ വിളിക്കുകയായിരുന്നു. തുടർന്ന് ഫയർഫോഴ്‌സും നാട്ടുകാരും ചേർന്ന് വാതിൽ പൊളിച്ച് ഉള്ളിൽക്കടന്നപ്പോഴാണ് സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. അഴുകിയ നിലയിലായിരുന്നു മൃതദേഹം. കണ്ണൂർ സ്പിന്നിങ് മിൽ ജീവനക്കാരിയായിരുന്നു രൂപ.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here