ഗുണ്ടാ നേതാവിനെ വിവാഹം ചെയ്ത് പൊലീസ് ഉദ്യോഗസ്ഥ; നടപടിയെടുക്കുമെന്ന് മേലുദ്യോഗസ്ഥർ

ഗുണ്ടാ നേതാവിനെ വിവാഹം ചെയ്ത് പൊലീസ് ഉദ്യോഗസ്ഥ. ഉത്തർപ്രദേശിലെ പൊലീസ് കോൺസ്റ്റബിളായ പായലാണ് ഗുണ്ടാ നേതാവായ രാഹുൽ തരാസരനെ വിവാഹം ചെയ്തത്. കോടതിയിൽവെച്ച് പരിചയപ്പെട്ട് പ്രണയത്തിലായ ഇരുവരും വിവാഹം കഴിക്കാൻ തീരുമാനിക്കുകയായിരുന്നു. സംഭവം പായലിന്റെ മേലുദ്യോഗസ്ഥർക്കിടയിൽ വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.
ഉത്തർപ്രദേശിൽ വ്യാപാരിയായിരുന്ന മൻമോഹൻ ഗോയലിനെ കൊലപ്പെടുത്തിയ കേസുമായി ബന്ധപ്പെട്ട് 2014 മെയ് ഒൻപതിന് രാഹുലിനെ അറസ്റ്റ് ചെയ്തിരുന്നു. രാഹുലിന്റെ കേസ് നടന്നിരുന്നത് ഗ്രേറ്റർ നോയിഡയിലെ കോടതിയിലായിരുന്നു. കേസ് പിന്നീട് സുരാജ്പൂർ കോടതിയിലേക്ക് മാറ്റിയിരുന്നു. ഇവിടെവച്ചാണ് പായൽ, രാഹുലിനെ ആദ്യമായി കാണുന്നത്. തുടർന്ന് ഇരുവരും പ്രണയത്തിലാകുകയും വിവാഹം കഴിക്കാൻ തീരുമാനിക്കുകയുമായിരുന്നു.
വിവാഹത്തിന്റെ ചിത്രങ്ങൾ രാഹുൽ സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. വിവാഹം എവിടെവച്ചാണ് നടന്നതെന്ന കാര്യം ഇരുവരും പുറത്തുപറഞ്ഞിരുന്നില്ല. സംഭവം പുറംലോകമറിഞ്ഞതോടെ അത് പൊലീസിനാകെ നാണക്കേടായി. പൊലീസ് ഉദ്യോഗസ്ഥ ഗുണ്ടയെ വിവാഹം കഴിച്ചുവെന്ന രീതിയിൽ വാർത്തകൾ പരന്നു. സോഷ്യൽ മീഡിയയിലും പരിഹാസമുയർന്നു.
വിമർശനവും പരിഹാസവും ഉയർന്ന പശ്ചാത്തലത്തിൽ പ്രതികരണവുമായി ഉന്നത പൊലീസ് ഉദ്യോഗസ്ഥർ രംഗത്തെത്തി. പായലിന് എവിടെയാണ് പോസ്റ്റു നൽകിയിരിക്കുന്നതെന്ന് പരിശോധനിക്കുമെന്നും എന്ത് നടപടി സ്വീകരിക്കുമെന്ന് പിന്നീട് അറിയിക്കാമെന്നും റൂറൽ എസ്പി രാൺവിജയ് സിംഗ് പറഞ്ഞു.
ഉത്തർപ്രദേശിലെ കുപ്രസിദ്ധ ഗുണ്ടയായ അനിൽ ദുജാനയുടെ ഗ്രൂപ്പിലെ അംഗമാണ് രാഹുൽ. 2008ലാണ് രാഹുൽ കുറ്റകൃത്യങ്ങളിലേക്ക് എത്തുന്നത്. പല കേസുകളിലായി നിരവധി തവണ രാഹുൽ ജയിലിൽ കഴിഞ്ഞിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here