Advertisement

ഇന്ന് അറഫാ സംഗമം; തൽബിയത്തിൽ അലിഞ്ഞ് മിന

August 10, 2019
Google News 1 minute Read

ലോകത്തിന്‍റെ വിവിധകോണിൽ നിന്നെത്തിയ ഹാജിമാർ ഇന്ന് അറഫയിൽ സംഗമിക്കും. ദുൽഹജ്ജ് 9 ശനിയാഴ്ച സൗദി സമയം ഉച്ചയ്ക്ക് 12.26-നാണ് അറഫാസംഗമം. ലോകത്തിലെ തന്നെ ഏറ്റവും വലിയ മാനവസംഗമമായാണ് അറഫാ സംഗമം കണക്കാക്കപ്പെടുന്നത്. ഹജ്ജിന്‍റെ സുപ്രധാന ചടങ്ങായ അറഫാസംഗമത്തിനായി ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽനിന്നെത്തിയ 18 ലക്ഷം തീർത്ഥാടകരും സൗദിയിൽ നിന്നുള്ള നാലുലക്ഷം തീർത്ഥാടകരും ഉൾപ്പെടെ 22 ലക്ഷത്തിലധികം പേർ സംഗമിക്കും.

പ്രാർത്ഥനാ നിർഭരമായ മനസുമായി കഴിയുന്ന വിശ്വാസി ലക്ഷങ്ങൾ മിനായിലെ ടെന്‍റുകളിൽ നിന്ന് അറഫയിലേക്ക് ഒഴുകുകയാണ്. ഇഹ്റാമിന്‍റെ വെളുത്ത തുണിക്കഷ്ണങ്ങളിൽ ഹാജിമാർ ലോകത്തെ എല്ലാ അനീതിക്കുമെതിരെ പ്രതീകാത്മക പ്രതിഷേധം തീർക്കും.

അറഫയില്‍നിന്ന് അസ്തമയശേഷം ഒമ്പത് കിലോമീറ്റര്‍ പിന്നിട്ട് മുസ്ദലിഫയിലെത്തുന്ന ഹാജിമാര്‍ രാത്രി തുറസ്സായ മൈതാനത്ത് തങ്ങും. പിറ്റേന്ന് മിനായിലെ ജംറകളില്‍ എറിയാനുള്ള കല്ല് പെറുക്കി പ്രഭാത നമസ്കാരാനന്തരം ഹാജിമാര്‍ ആറു കിലോമീറ്റര്‍ അകലെയുള്ള മിനായില്‍ വീണ്ടും തിരിച്ചെത്തും. മൂന്നു ദിനം കൂടി അവിടെ ചെലവഴിച്ച് കര്‍മങ്ങള്‍ പൂര്‍ത്തിയാക്കും. മക്കയില്‍നിന്ന് ആറു കിലോമീറ്റര്‍ അകലെയുള്ള മിനാ താഴ്വരയില്‍ തീപിടിക്കാത്തതും ശീതീകരിച്ചതുമായ അരലക്ഷത്തോളം തമ്പുകള്‍ ഒരുക്കിയിട്ടുണ്ട്.

ശനിയാഴ്ച പുലർച്ചയോടെയാണ് മിനായിൽനിന്ന് തീർത്ഥാടകർ എത്തിത്തുടങ്ങിയത്. റോഡിലെ തിരക്കു കണക്കിലെടുത്ത് നേരത്തേ തന്നെ അറഫയിലെത്തിയവരും ഉണ്ട്. അറഫയുടെ അതിർത്തി പ്രദേശത്തുള്ള നമിറ മസ്ജിദിൽ, വാർഷിക ഖുതുബ പ്രഭാഷണത്തിനു ശേഷം നമസ്കാരം നടക്കും. അതിനുശേഷം തീർത്ഥാടകർ സൂര്യാസ്തമയം വരെ അറഫയിൽ ജബലുറഹ്മ മലയുടെ മുകളിലും അരികിലും പ്രാർത്ഥനയോടെ കഴിയും. സൂര്യാസ്തമയത്തോടെ അറഫയിൽനിന്ന് മുസ്ദലിഫയിൽ പോകും. മുസ്ദലിഫയിൽ രാത്രി തങ്ങിയശേഷം ശനിയാഴ്ച മുതൽ പിശാചിന്‍റെ പ്രതീകങ്ങളായ ജംറയിൽ എറിയാനുള്ള കല്ലുകൾ ശേഖരിച്ച് മിനായിൽ തിരിച്ചെത്തും.

ഹജ്ജിന്‍റെ ആദ്യദിനം മിനായിൽ കഴിച്ചുകൂട്ടിയ തീർത്ഥാടകർ നിസ്കാരത്തോടൊപ്പം വിവിധ മന്ത്രങ്ങൾ ഉരുവിട്ടും വിശുദ്ധ ഖുർആൻ പാരായണം ചെയ്തും മനസ്സുതുറന്ന് പ്രാർത്ഥിച്ച് അറഫാ സംഗമത്തിനായി മനസ്സും ശരീരവും പാകപ്പെടുത്തുകയായിരുന്നു. വ്യാഴാഴ്ച ഉച്ചയ്ക്കുശേഷം തീർത്ഥാടകർ മിനായിൽ എത്തിത്തുടങ്ങിയിരുന്നു. വ്യാഴാഴ്ച വൈകീട്ട് ആറു മുതൽ ഇന്ത്യൻ ഹാജിമാരെ മക്കയിലെ താമസ സ്ഥലത്തുനിന്ന് മിനായിൽ എത്തിച്ചു തുടങ്ങി. ഇന്ത്യൻ ഹജ്ജ് മിഷൻ ഇന്ത്യൻ ഹാജിമാരുടെ മിനായിലേക്കുള്ള യാത്രക്ക് നേതൃത്വം നൽകി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here