കഴിഞ്ഞ പ്രളയത്തിൽ പെയ്തത് നാലിരട്ടി; ഇക്കൊല്ലം മൂന്ന് ദിവസത്തിനുള്ളിൽ മാത്രം പെയ്തത് പത്തിരട്ടി: ഞെട്ടിക്കുന്ന മഴക്കണക്കുകൾ

ഇക്കഴിഞ്ഞ മൂന്നു ദിവസത്തിനുള്ളിൽ പെയ്തത് കഴിഞ്ഞ പ്രളയകാലത്ത് പെയ്ത മഴയെക്കാൾ വളരെ അധികം. ദീര്‍ഘകാല ശരാശരിയില്‍ നിന്ന് പത്തിരട്ടിവരെ കൂടുതല്‍ മഴയാണ് കഴിഞ്ഞ മൂന്നു ദിവസങ്ങളിൽ ലഭിച്ചത്. കഴിഞ്ഞ പ്രളയകാലത്ത് നാലിരട്ടി മഴ മാത്രമാണ് ലഭിച്ചതെന്ന സത്യാവസ്ഥ പരിശോധിക്കുമ്പോഴാണ് ഈ കണക്കിൻ്റെ ഭീകരത മനസ്സിലാകുന്നത്.
കാലാവസ്ഥാ വകുപ്പിന്റെ കണക്കനുസരിച്ച് ഓഗസ്റ്റ് എട്ടു മുതൽ ഓഗസ്റ്റ് ഒൻപത് വരെയുള്ള 24 മണിക്കൂറിലാണ് ഏറ്റവും കൂടുതല്‍ മഴ പെയ്തത്. അന്ന് സംസ്ഥാനത്ത് ശരാശരി പെയ്തത് 158 മില്ലീമീറ്റര്‍. ആ ദിവസം പെയ്യേണ്ട ശരാശരിയായ 14.4 മില്ലീമീറ്ററിനെക്കാള്‍ 998 ശതമാനം അധികം. ഈ മാസം ഒൻപതിന് 378 ശതമാനവും പത്തിന് 538 ശതമാനവും അധികം മഴ പെയ്തു.
2018 ഓഗസ്റ്റിലെ ഇതേ ദിവസങ്ങളില്‍ നാലിരട്ടിവരെ മാത്രം അധികം മഴയാണ് ലഭിച്ചത്. ഓഗസ്റ്റ് എട്ടിന് 310, ഒമ്പതിന് 379, പത്തിന് 152 എന്നിങ്ങനെയായിരുന്നു കഴിഞ്ഞ വർഷത്തെ മഴക്കണക്ക്. ഇത്തവണ വേനല്‍മഴ കുറവായിരുന്നു. ജൂണ്‍, ജൂലായ് മാസങ്ങളിലും മഴ കുറഞ്ഞത് പലേടത്തും വരള്‍ച്ചയ്ക്കും കാരണമായി. എന്നിട്ടും പ്രളയദുരന്തത്തിന്റെ തീവ്രത കൂടാന്‍ കാരണം ഈ മഴയാണ്.
ഒട്ടേറെ ദിവസങ്ങളിലായി പെയ്യേണ്ട മഴ ഏതാനും ദിവസത്തേക്കായി ചുരുങ്ങുകയും വലിയ നാശത്തിന് കാരണമാവുകയും ചെയ്യുന്നുവെന്നതിന്റെ സൂചനയാണിത്. കഴിഞ്ഞവര്‍ഷവും ഇതായിരുന്നു സ്ഥിതി. എന്നാല്‍ ഇതൊരു പ്രവണതായായി സ്ഥിരീകരിക്കണമെങ്കില്‍ നീണ്ട വര്‍ഷങ്ങളിലെ സ്ഥിതിവിവരക്കണക്കുകള്‍ പരിശോധിക്കേണ്ടിവരുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം ഡയറക്ടര്‍ കെ സന്തോഷ് പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here