പ്രളയം; പെൺകുട്ടികളെ തോളിലേറ്റി പൊലീസുകാരൻ നടന്നത് ഒന്നര കിലോമീറ്റർ; വീഡിയോ

പ്രളയത്തിൽ നാടു മുങ്ങിയപ്പോൾ പെൺകുട്ടികളെ തോളിലേറ്റി സുരക്ഷിത സ്ഥാനത്ത് എത്തിച്ച് പൊലീസ് ഉദ്യോഗസ്ഥൻ. ഗുജറാത്തിലെ മോർബി ജില്ലയിൽ നിന്നുമാണ് സംഭവം റിപ്പോർട്ട് ചെയ്യുന്നത്. വെള്ളക്കെട്ടിൽ അകപ്പെട്ട പെൺകുട്ടികളെ രണ്ടു തോളിലുമേറ്റി പൊലീസ് ഉദ്യോഗസ്ഥൻ നടന്നത് ഒന്നര കിലോമീറ്റർ ദൂരമാണ്. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. പൊലീസ് ഉദ്യോഗസ്ഥനെ അഭിനന്ദിച്ചുള്ള കമന്റുകൾ നിറഞ്ഞു.
പൊലീസ് കോൺസ്റ്റബിളായ പൃഥ്വിരാജ്‌സിൻഹ് ജഡേജയാണ് കുട്ടികളെ തോളിലേറ്റി സുരക്ഷിത സ്ഥാനത്ത് എത്തിച്ചത്. ഒന്നര കിലോമീറ്റർ വെള്ളം നീന്തിയാണ് അദ്ദേഹം രക്ഷാപ്രവർത്തനം നടത്തിയത്. ഇദ്ദേഹത്തെ അഭിനന്ദിച്ച് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിയാണ് വീഡിയോ ട്വിറ്ററിൽ പങ്കുവെച്ചത്. ദുഷ്‌കരമായ സാഹചര്യങ്ങളിൽ സർക്കാർ ഉദ്യോഗസ്ഥരുടെ ഇടപെടലിന് ഉത്തമ ഉദാഹരണമാണ് ഈ പൊലീസ് ഉദ്യോഗസ്ഥനെന്ന് വിജയ് രൂപാണി പറയുന്നു. നിരവധി പേർ ഈ വീഡിയോ റീ ട്വീറ്റ് ചെയ്തു. പൊലീസ് ഉദ്യോഗസ്ഥനെ അഭിനന്ദിച്ചുള്ള കമന്റുകളും വീഡിയോക്ക് താഴെ നിറഞ്ഞു.
പൃഥ്വിരാജ്‌സിൻഹിനെ അഭിനന്ദിച്ച് മുൻ ക്രിക്കറ്റ് താരം വിവിഎസ് ലക്ഷ്മണും രംഗത്തെത്തി. പൊലീസ് ഉദ്യോഗസ്ഥന്റെ വീഡിയോ ഹൃദയത്തെ സ്പർശിച്ചുവെന്ന് ലക്ഷ്മൺ ട്വീറ്റ് ചെയ്തു. ജോലിയോടുള്ള അദ്ദേഹത്തിന്റെ ആത്മാർത്ഥതയെ അഭിനന്ദിക്കുന്നതായും ലക്ഷ്മൺ പറഞ്ഞു. പൃഥ്വിരാജ്‌സിൻഹിനെ അഭിനന്ദിച്ച് ദൂരദർശന്റെ ഡയറക്ടർ ജനറൽ സുപ്രിയ ഐഎഎസും രംഗത്തെത്തി. പൃഥ്വിരാജിന്റെ പ്രവൃത്തി ലക്ഷക്കണക്കിന് ആളുകൾക്ക് പ്രചോദനമാണെന്നായിരുന്നു ബിജെപി നേതാവ് മനോജ് സുരേന്ദ്ര പൂനിയ പറഞ്ഞത്.
ഗുജറാത്തിൽ കഴിഞ്ഞ 24 മണിക്കൂറായി ശക്തമായ മഴ തുടരുകയാണ്. കനത്തമഴയിൽ പതിനൊന്നു പേർക്കാണ് ഗുജറാത്തിൽ ജീവൻ നഷ്ടമായത്.
A man in uniform on duty…!!
Police constable Shri Pruthvirajsinh Jadeja is one of the many examples of Hard work , Determination and Dedication of Government official, executing duties in the adverse situation.
Do appreciate their commitment… pic.twitter.com/ksGIe0xDFk
— Vijay Rupani (@vijayrupanibjp) 10 August 2019
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here