ഭാര്യയെ കൊന്ന് തലയുമായി റോഡിലൂടെ ഭർത്താവിന്റെ നടത്തം

ഭാര്യയെ കൊലപ്പെടുത്തി തലവെട്ടിയെടുത്ത് റോഡിലൂടെ ഭർത്താവിന്റെ നടത്തം. ആന്ധ്രാപ്രദേശിലെ സത്യനാരായണപുരത്തിൽ നിന്നുമാണ് ഞെട്ടിക്കുന്ന സംഭവം റിപ്പോർട്ട് ചെയ്യുന്നത്. പ്രദീപ് കുമാർ എന്ന യുവാവാണ് ഭാര്യ മണിക്രാന്തിയെ ക്രൂരമായി കൊലപ്പെടുത്തിയത്.
പ്രദീപും മണിക്രാന്തിയുമായി വഴക്ക് പതിവായിരുന്നു. സംഭവ ദിവസവും ഇരുവരും തമ്മിൽ വഴക്കുണ്ടായി. ഇത് മണിക്രാന്തിയുടെ കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു. കഴുത്തറുത്ത് കൊന്ന ശേഷം യുവതിയുടെ തലയറുത്തെടുത്ത് പ്രദീപ് കുമാർ റോഡിലൂടെ നടക്കുകയായിരുന്നു. കൊലപ്പെടുത്താൻ ഉപയോഗിച്ച കത്തിയും കൈയിലുണ്ടായിരുന്നു. ഭാര്യയുടെ തല സമീപത്തുള്ള കനാലിൽ വലിച്ചെറിഞ്ഞ ശേഷം പ്രദീപ് കുമാർ സത്യനാരായണപുരം പൊലീസിൽ കീഴടങ്ങുകയായിരുന്നു.
ഭാര്യയുടെ രക്തമൊലിക്കുന്ന ശിരസുമായി നീങ്ങുന്ന ദൃശ്യങ്ങൾ കോളനിയിലുള്ള സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. പ്രദീപ് കുമാർ കനാലിൽ ഉപേക്ഷിച്ച ശിരസിനായി പൊലീസ് തിരച്ചിൽ തുടങ്ങിയിട്ടുണ്ട്. മണിക്രാന്തിയുടെ ശിരസറ്റ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി സർക്കാർ ആശുപത്രിയിലേക്ക് മാറ്റി.
അഞ്ച് വർഷം മുൻപ് ജാതി എതിർപ്പുകളെ അതിജീവിച്ച് പ്രണയിച്ച് വിവാഹിതരായവരാണ് പ്രദീപും മണിക്രാന്തിയും. എന്നാൽ പിന്നീട് ഇരുവരും തമ്മിൽ നിരന്തരം വഴക്കായി. പ്രദീപിനെതിരെ മണിക്രാന്തി ഗാർഹിക പീഡനത്തിന് പൊലീസിൽ പരാതി നൽകിയിരുന്നു. അറസ്റ്റിലായ പ്രദീപ് ഈയിടെയാണ് ജാമ്യത്തിലിറങ്ങിയത്. ഇതിന്റെ പ്രതികാരമായിട്ടാണ് പ്രദീപ് ഭാര്യയെ കൊലപ്പെടുത്തിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here