Advertisement

തുണികൾ ദാനം ചെയ്ത നൗഷാദിന് തുണികൾ ചേർത്തുവച്ചൊരു സ്‌നേഹ സമ്മാനം

August 12, 2019
Google News 2 minutes Read

പ്രളയ ദുരിതാശ്വാസത്തിന് ഉള്ളതെല്ലാം നൽകി ജനമനസിൽ ഇടം നേടിയ നൗഷാദിന് സമ്മാനവുമായി പ്രശസ്ത ശിൽപി ഡാവിഞ്ചി സുരേഷ്. തുണികൾ ചേർത്തുവെച്ച് നൗഷാദിനെ തന്നെ നിർമിച്ചാണ് ആ നല്ല മനസിനുള്ള നന്ദി ഡാവിഞ്ചി സുരേഷ് അറിയിച്ചത്. പ്രളയ ബാധിതർക്ക് തന്റെ സമ്പാദ്യമായ തുണികൾ ദാനം ചെയ്ത നൗഷാദിന് തുണികൾ തന്നെയാണ് ഉചിതമെന്ന ചിന്തയിൽ നിന്നുമാണ് ഇത്തരത്തിലൊരു സമ്മാനം ഒരുക്കിയതെന്ന് ഡാവിഞ്ചി സുരേഷ് പറയുന്നു.

കനത്തമഴ വെള്ളപ്പൊക്കത്തിന്റെ രൂപത്തിൽ സുരേഷിന്റെ കുടുംബത്തേയും ബാധിച്ചു. വെള്ളമിറങ്ങിയ ശേഷം ശുചീകരണ പ്രവർത്തികൾ ചെയ്യുന്നതിനിടെയാണ് നൗഷാദിന്റെ വാർത്ത അറിയുന്നത്. നൗഷാദിന്റെ നന്മയ്ക്ക് ആദരമായി ചിത്രം വരയ്ക്കണമെന്ന് തോന്നിയെന്ന് സുരേഷ് പറയുന്നു. ഏത് മീഡിയയിൽ ചെയ്യണമെന്ന ചിന്തയിലാണ് തുണികൾ തെരഞ്ഞെടുത്തത്. ശുചീകരണ പ്രവർത്തനങ്ങൾക്കിടെ വീട്ടിലുള്ളവരുടെ കുറച്ച് വസ്ത്രങ്ങൾ മാറ്റിവെച്ചിരുന്നു. ഇത് ഉപയോഗിച്ചാണ് നൗഷാദിനുള്ള ‘സമ്മാനം’ ഒരുക്കിയതെന്നും സുരേഷ് പറയുന്നു. നൗഷാദിന്റെ ജീവൻ തുടിക്കുന്ന കലാസൃഷ്ടിയാണ് ഡാവിഞ്ചി സുരേഷ് ഒരുക്കിയത്.

നൗഷാദിനെ പോലെയുള്ള ആളുകളുടെ നന്മ ജനങ്ങളിലേക്ക് എത്തേണ്ടതാണെന്ന് ഡാവിഞ്ചി സുരേഷ് പറയുന്നു. ദൈവത്തിന്റെ പ്രതിരൂപമെന്നൊക്കെ അദ്ദേഹത്തെ വിശേഷിപ്പിക്കാം. കഴിഞ്ഞ പ്രളയകാലത്ത് ജൈസലായിരുന്നുവെങ്കിൽ ഇത്തവണ നൗഷാദാണ്. നാഷാദിക്കയേക്കാൾ കൂടുതൽ നൽകുന്ന വ്യാപാരികൾ ഉണ്ടാകാം. എന്നാൽ അദ്ദേഹം ചെയ്തത് വലിയ കാര്യമായാണ് തനിക്ക് തോന്നിയത്. അദ്ദേഹത്തിന്റെ നല്ലമനസിന് എത്ര നന്ദി പറഞ്ഞാലും മതിയാകില്ലെന്നും സുരേഷ് പറഞ്ഞു.

തന്റെ കലാസൃഷ്ടി കണ്ട് നൗഷാദിന്റെ മകൾ വിളിച്ചു. നൗഷാദുമായി കുറച്ചു സമയം സംസാരിക്കാൻ സാധിച്ചു. തന്റെ സമ്മാനം അദ്ദേഹത്തിന് ഇഷ്ടമായി. ദൈവം അനുഗ്രഹിക്കട്ടേ എന്ന് താൻ പറഞ്ഞപ്പോൾ താങ്കളേയും ദൈവം അനുഗ്രഹിക്കട്ടെയെന്ന് അദ്ദേഹം പറഞ്ഞു. വളരെ സന്തോഷം തോന്നിയെന്നും ഡാവിഞ്ചി സുരേഷ് പറഞ്ഞു. ഡാവിഞ്ചി സുരേഷിന്റെ കലാസൃഷ്ടി നടൻ ഗിന്നസ് പക്രു തന്റെ ഫേസ്ബുക്കിലൂടെ പങ്കുവച്ചിരുന്നു. ഇത് വൈറലായിരിക്കുകയാണ്.

നടൻ രാജേഷ് ശർമയാണ് നൗഷാദിനെ ഫേസ്ബുക്ക് ലൈവിലൂടെ ആളുകൾക്ക് മുന്നിലെത്തിച്ചത്. രാജേഷും സംഘവും നിലമ്പൂർ, വയനാട് എന്നിവിടങ്ങളിലെ ക്യാമ്പുകളിലേക്ക് എറണാകുളം ബ്രോഡ്‌വേയിൽ വിഭവ സമാഹരണം നടത്തുന്നതിനിടെയാണ് നൗഷാദിനെ കാണുന്നത്. തുടർന്ന് നൗഷാദ് തന്റെ കടയിലേക്ക് രാജേഷിനേയും സംഘത്തേയും കൂട്ടിക്കൊണ്ടുപോയി വസ്ത്രങ്ങൾ നൽകുകയായിരുന്നു. പെരുന്നാൾ കച്ചവടത്തിനായി മാറ്റിവെച്ചിരുന്ന മുഴുവൻ വസ്ത്രങ്ങളും നൗഷാദ് ചാക്കുകൾ നിറച്ചു നൽകി. പെരുന്നാളായിട്ട് ഇത്തരത്തിൽ വസ്ത്രങ്ങൾ നൽകുന്നത് നഷ്ടമാകില്ലേ എന്ന് രാജേഷ് ശർമ ചോദിക്കുമ്പോൾ മനുഷ്യന് നന്മ ചെയ്യുന്നതാണ് തനിക്ക് ലാഭമെന്നായിരുന്നു നൗഷാദിന്റെ മറുപടി. വളരെ വേഗത്തിലാണ് നൗഷാദ് ജനമനസുകളിൽ ഇടംനേടിയത്.

Read more: ‘നമ്മള് ഇവിടുന്ന് പോകുമ്പോ ഇതൊന്നും കൊണ്ടുപോകൂല്ലാ’; പ്രളയ ദുരിതാശ്വാസത്തിനായി ഉള്ളതെല്ലാം നൽകി നൗഷാദ്

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here