ഹോങ്കോങ്ങില്‍ വീണ്ടും പ്രതിഷേധം കനക്കുന്നു; അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നുള്ള എല്ലാ സര്‍വീസുകളും റദ്ദാക്കി

ഹോങ്കോങ്ങില്‍ വീണ്ടും പ്രതിഷേധം കനക്കുന്നു. ഹോങ്കോങ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നുള്ള എല്ലാ സര്‍വീസുകളും റദ്ദാക്കി. ഇന്നലെ പ്രതിഷേധക്കാരും പൊലീസും തമ്മില്‍ ഏറ്റുമുട്ടിയിരുന്നു.

ആയിരക്കണക്കിന് പ്രതിഷേധക്കാര്‍ തടിച്ചുകൂടിയിരിക്കുന്നതിനാല്‍ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം താറുമാറായെന്ന് അധികൃതര്‍ പറഞ്ഞു. ഇതോടെ 160ലേറെ ഫ്ളൈറ്റുകളാണ് റദ്ദാക്കപ്പെട്ടത്. എന്നാല്‍ ഹോങ്കോങിലേയ്ക്ക് വരുന്ന വിമാനങ്ങള്‍ക്ക് വിമാനത്താവളത്തിലിറങ്ങുന്നതിന് തടസമുണ്ടാകില്ലെന്നും അധികൃതര്‍ അറിയിച്ചു.

ഇന്നലെ പൊലീസും പ്രതിഷേധക്കാരും തമ്മില്‍ വീണ്ടും ഏറ്റുമുട്ടിയിരുന്നു. അടച്ചിട്ട റെയില്‍വെ സ്റ്റേഷനിലുള്ളിലേയ്ക്ക് അടക്കം നഗരത്തില്‍ പലയിടത്തും കണ്ണീര്‍ വാതകം പ്രയോഗിച്ച പൊലീസ് പ്രതിഷേധക്കാര്‍ക്ക് നേരെ റബ്ബര്‍ ബുള്ളറ്റുകള്‍ ഉപയോഗിച്ച് വെടിവെയ്പും നടത്തി. പെട്രോള്‍ ബോംബുകളും ഇഷ്ടികകളും കൊണ്ടാണ് പ്രതിഷേധക്കാര്‍ പൊലീസിനെ നേരിട്ടത്. ഇതോടെ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തി. നഗരത്തിലെ വിക്ടോറിയ പാര്‍ക്കില്‍ പ്രതിഷേധക്കാര്‍ നടത്തിയ റാലി നിരോധിത മേഖലയിലേയ്ക്ക് കടന്നത് സംഘര്‍ഷത്തിന് കാരണമായി.

വിവാദമായ കുറ്റവാളി കൈമാറ്റ നിയമം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് രണ്ട് മാസം മുമ്പാണ് പ്രതിഷേധം തുടങ്ങിയത്. നിയമം പിന്‍വലിച്ചെങ്കിലും ചീഫ് എക്‌സിക്യുട്ടീവ് കാരി ലാം രാജിവെയ്ക്കണമെന്നും പൊലീസ് ക്രൂരതയെക്കുറിച്ച് സ്വതന്ത്ര അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടാണ് പ്രതിഷേധം തുടരുന്നത്.‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top
More