ശ്രീറാം വെങ്കിട്ടരാമന് ജാമ്യം നൽകിയ കീഴ്ക്കോടതി ഉത്തരവിനെതിരെ സർക്കാർ സമർപ്പിച്ച അപ്പീൽ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

ഐഎഎസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമന് ജാമ്യം നൽകിയ കീഴ്ക്കോടതി ഉത്തരവിനെതിരെ സർക്കാർ സമർപ്പിച്ച അപ്പീൽ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ശ്രീറാം ഓടിച്ച വാഹനമിടിച്ച് തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകനായ കെ എം ബഷീർ മരിച്ച സംഭവത്തിലാണ് ഐഎഎസ് ഉദ്യോഗസ്ഥനെതിരെ സർക്കാർ തന്നെ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.
ശ്രീറാമിന്‍റെ ജാമ്യം റദ്ദാക്കണമെന്നും അന്വേഷണം തുടരുന്നെന്നുമാണ് പ്രോസിക്യൂഷൻ നിലപാട്. എന്നാൽ കേസിന്‍റെ തെളിവുശേഖരണത്തിലടക്കം സർക്കാരിനുണ്ടായ പിഴവ് കഴിഞ്ഞ ദിവസം കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ഹർജിയിൽ ഇന്നുതന്നെ ഉത്തരവിന് സാധ്യതയുണ്ട്.
അപകടസമയത്ത് ശ്രീറാം മദ്യപിച്ചിരുന്നെന്ന് തെളിയിക്കാൻ സാധിക്കാതിരുന്നതാണ് ശ്രീറാമിന് ജാമ്യം ലഭിക്കാൻ സഹായകരമായത്. അപകടം നടക്കുമ്പോൾ ശ്രീറാം മദ്യപിച്ചിരുന്നതായി ആരോപണമുയർന്നിട്ടും രക്തപരിശോധന നടത്താൻ പൊലീസ് തയ്യാറായിരുന്നില്ല. ഇത് വിവാദമായതിനെ തുടർന്ന് ഒമ്പത് മണിക്കൂറുകൾക്ക് ശേഷമാണ് ശ്രീറാമിനെ രക്തപരിശോധനയ്ക്ക് വിധേയമാക്കിയത്. ശ്രീറാമിനെ രക്ഷിക്കാനാണ് പൊലീസ് രക്തപരിശോധന വൈകിപ്പിച്ചതെന്ന് ആക്ഷേപമുയർന്നിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here